സത്നാ രൂപതയുടെ മെത്രാനായി മാര്‍ ജോസഫ് കൊടകല്ലില്‍ അഭിഷിക്തനായി
Posted on: 16 Sep 2015
സത്നാ: മധ്യപ്രദേശിലെ സിറോ മലബാര്‍ രൂപതയായ സത്നായുടെ മൂന്നാമത്തെ മെത്രാനായി മാര്‍ ജോസഫ് കൊടകല്ലില്‍ അഭിഷിക്തനായി. സത്നായിലെ സെന്റ് വിന്‍സെന്റ് കത്തീഡ്രലില്‍ ചൊവ്വാഴ്ച സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേക, സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടന്നത്. ഭാരതത്തിലെ പാവങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്ക്കായി സിറോ മലബാര്‍ സഭയുടെ മിഷന് രംഗം പ്രതിജ്ഞാബദ്ധമാണെന്ന് മാര്‍ ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.
സത്നാ രൂപതയെ കഴിഞ്ഞ കാലങ്ങളില്‍ നയിച്ച മാര്‍ എ.ഡി. മറ്റം, മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവരുടെ ശുശ്രൂഷകള്‍ വിലപ്പെട്ടതാണ്. മെത്രാന്ശുശ്രൂഷയിലേക്ക് പ്രവേശിച്ചിരിക്കുന്ന മാര്‍ കൊടകല്ലിലിന് പ്രേഷിത തീക്ഷ്ണതയോടെ രൂപതയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. മാര്‍ ജോസഫ് കൊടകല്ലിലിനെ സഭയ്ക്കായി നല്കിയ മാതാവ് മറിയക്കുട്ടി ഭാഗ്യവതിയാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോ കൊര്‍ണേലിയോ, സത്നായുടെ മുന്‍ മെത്രാന് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ സഹകാര്‍മികരായി.
പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എബ്രഹാം വിരുതുകുളങ്ങര സന്ദേശം നല്കി. രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ് മംഗലംപിള്ളി സ്വാഗതം ആശംസിച്ചു. കോതമംഗലം രൂപത മെത്രാന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, ജബല്‍പുര്‍ രൂപതാ മെത്രാന് ഡോ. ജെറാള്‍ഡ് അല്‍മിഡ എന്നിവരുള്‍പ്പടെ 22 മെത്രാന്മാരും സിറോ മലബാര്‍ എപ്പിസ്കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സെക്രട്ടറി ഫാ. സെബിന് കാഞ്ഞിരത്തിങ്കല്‍, മാര്‍ കൊടകല്ലിലിന്റെ ജ്യേഷ്ഠ സഹോദരന് ഫാ. കുര്യാക്കോസ് കൊടകല്ലില്‍, സത്നാ രൂപതയിലെ വൈദികര്‍ എന്നിവരും ശുശ്രൂഷകളില്‍ സഹകാര്‍മികരായി.