മഹാരാജാസിന് മുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു
Posted on: 16 Sep 2015
കൊച്ചി: ദളിത്-പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് ബിരുദ പ്രവേശനം നിഷേധിച്ച മഹാരാജാസ് കോളേജ് അധികൃതര്‍ക്കെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല കുടില്‍കെട്ടി സമരം ആരംഭിച്ചു. അലോട്ട്മെന്റ് ലിസ്റ്റില്‍ പേരുണ്ടായിട്ടും അഞ്ച് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നിഷേധിച്ചത്. സംഭവത്തില്‍ എസ്.എഫ്.ഐ. പ്രക്ഷോഭം നടത്തിയിരുന്നു. പ്രായപരിധി വിഷയം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു അധികൃതരുടെ നിലപാട്.
ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോളേജിന് മുന്നില്‍ ആരംഭിച്ച സമരം എസ്. ശര്‍മ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സി.എസ്. മുരളി അധ്യക്ഷനായി. വി.എസ്. രാധാകൃഷ്ണന്, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവര്‍ സംസാരിച്ചു. പ്രവേശനം നിഷേധിക്കപ്പെട്ട സേതുകൃഷ്ണന്‍, സ്വാതി സംഗീത്, എം.കെ. കിരണ്‍ദാസ്, വി.എസ്. സനല്‍, ജോബിന് പി. ജോസ് എന്നിവരും സമരത്തില്‍ പങ്കെടുത്തു.