കണ്ണിമംഗലം പട്ടിപ്പാറയില്‍ പുലി പശുവിനെ കൊന്നു
Posted on: 16 Sep 2015
കാലടി: കണ്ണിമംഗലം പട്ടിപ്പാറയില്‍ പുലിയിറങ്ങി പശുവിനെ കടിച്ചുകൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കടുകുളങ്ങര-കണ്ണിമംഗലം പഞ്ചായത്ത് റോഡിന് സമീപം പറമ്പില്‍ കെട്ടിയിരുന്ന ഇഞ്ചക്കാടന് വര്‍ക്കിയുടെ പശുവിനെയാണ് കൊന്നത്. ജനവാസ കേന്ദ്രത്തിലേക്ക് പുലി വന്നതോടെ പ്രദേശവാസികള്‍ ഭയപ്പാടിലാണ്.
മുന്‍പും പുലിശല്യം ഇവിടെ ഉണ്ടായിട്ടുണ്ട്. വനം വകുപ്പ് അധികൃതരെത്തി പുലിക്കൂട് സ്ഥാപിച്ചു. പഞ്ചായത്ത് റോഡില്‍ നിന്നും പത്ത് മീറ്റര്‍ മാത്രം ദൂരത്തിലാണ് പശുവിന്റെ ജഡം കണ്ടത്. ബസ് ഓടാത്ത റോഡാണ്. അതിനാല്‍ വിദ്യാര്‍ഥികളും തൊഴിലാളികളും മറ്റും നടന്നാണ് അധികവും പോകുന്നത്. റോഡിന്റെ ഒരു വശത്ത് മുഴുവന്‍ ആള്‍ത്താമസമുള്ള സ്ഥലമാണ്. പശുവിനേയും ആടിനേയും വളര്‍ത്തുന്നവര്‍ നിരവധിയാണ്. പുലി ഇവരുടെയെല്ലാം ഉറക്കംകെടുത്തിയിരിക്കുകയാണ്.