പട്ടിക വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങിയതിലെ ക്രമക്കേട്: പി.കെ.എസ്. 25ന് കരുമാല്ലൂര്‍ പഞ്ചായത്ത് വളയും
Posted on: 16 Sep 2015
കരുമാല്ലൂര്‍: കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്കായി പാടം വാങ്ങി ക്രമക്കേടുകള്‍ നടത്തിയ ഉദേ്യോഗസ്ഥര്ക്കും ജനപ്രതിനിധികള്‍ക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി 25ന് പഞ്ചായത്തോഫീസ് വളഞ്ഞ് പ്രതിഷേധിക്കും.
പാടം വാങ്ങിയതിലൂടെ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നാരോപിച്ച് വിജിലന്‍സിന് പരാതിയും നല്‍കിയിട്ടുണ്ട്.
നാല് വര്‍ഷം മുമ്പാണ് എസ്.സി. വിഭാഗങ്ങളിലുള്ളവര്‍ക്ക് വീടുവച്ച് നല്‍കാനായി മനയ്ക്കപ്പടി പാടശേഖരത്തില്‍ നിന്ന് 27.5 സെന്റ് പഞ്ചായത്ത് വാങ്ങിയത്. നിലവില്‍ എട്ടടിയോളം ആഴമുള്ള പാടം വീടുവയ്ക്കാന്‍ അനുയോജ്യമല്ലെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. മണ്ണിട്ട് താമസത്തിന് അനുയോജ്യമാക്കാന്‍ വീണ്ടും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടതായും വരും.
എന്നാല്‍, ഇപ്പോഴാണ് പട്ടികജാതി ക്ഷേമ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം, വെള്ളം കെട്ടിക്കിടക്കുന്ന ഈ ഭൂമിയില്‍ വഞ്ചിയിറക്കി പ്രതിഷേധിച്ചിരുന്നു. ഡാറ്റാ ബാങ്കില്പ്പെടുന്ന സ്ഥലം പഞ്ചായത്ത് നികത്താന്‍ നോക്കുന്നതിന്റെ വിരോധാഭാസവും അവര്‍ എടുത്തുകാട്ടുന്നുണ്ട്.
സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പടെയുള്ളവ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പി.കെ.എസ്. ആലങ്ങാട് ഏരിയാ സെക്രട്ടറി പി.കെ. മനോജാണ് ഇപ്പോള്‍ വിജിലന്‍സിനെ സമീപിച്ചിരിക്കുന്നത്.
ഇതില്‍ പങ്കാളികളായിട്ടുള്ള മെമ്പര്‍മാര്‍ക്കെതിരേയും പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരേയും ഉടന്‍ നിയമ നടപടികള്‍ വേണമെന്നാവശ്യപ്പെട്ടാണ് 25ന് പഞ്ചായത്തോഫീസ് വളയുന്നത്. മുന്‍ എം.പി എസ്. അജയകുമാര്‍ സമരം ഉദ്ഘാടനം ചെയ്യും.