കാന വൃത്തിയാക്കുന്നതിനിടെ പൈപ്പ്് പൊട്ടി; മലിനജലം കുടിവെള്ള ടാങ്കിലേക്ക്

Posted on: 16 Sep 2015വരാപ്പുഴ: ദേശീയപാതയോരത്തെ കാന വൃത്തിയാക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി മാലിന്യം കലര്‍ന്ന വെള്ളം വീട്ടിലെ ടാങ്കിലേക്ക് ഒഴുകിയെത്തി. പലവട്ടം അധികൃതരോട് പരാതിപ്പെട്ടെങ്കിലും പൊട്ടിയ പൈപ്പ് നേരെയാക്കാന്‍ നടപടിയുണ്ടായില്ല.
കോട്ടുവള്ളി പഞ്ചായത്തിലെ വഴിക്കുളങ്ങര പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. പാതയോട് ചേര്‍ന്നുള്ള കാന നാളുകളായി മാലിന്യം നിറഞ്ഞ് മൂടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. മൂടിയില്ലാത്ത കാനയില്‍ കാല്‍നട യാത്രികരും വാഹനങ്ങളും വീണ് അപകടങ്ങള്‍ പതിവായതോടെയാണ് ദേശീയപാതാ അധികൃതര്‍ കാന വൃത്തിയാക്കാന്‍ തയ്യാറായത്.
ഇതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് ജെ.സി.ബി. ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് കാന ക്രോസ് ചെയ്ത് സമീപത്തുള്ള മൂത്തേടത്ത് കൃഷ്ണരാജിന്റെ വീട്ടിലേക്ക് സ്ഥാപിച്ചിരുന്ന കുടിവെള്ള പൈപ്പ് പൊട്ടിയത്.
ജല അതോറിട്ടി ഉദ്യോഗസ്ഥരെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചെങ്കിലും മൂന്ന് ദിവസം പിന്നിട്ടിട്ടും സംഭവസ്ഥലത്ത് എത്തുന്നതിനോ പൈപ്പ് നേരയാക്കുന്നതിനോ നടപടിയുണ്ടായില്ല. പമ്പിങ് ഇല്ലാത്ത സമയത്ത് കാനയിലെ അഴുക്കുജലം വീട്ടിലെ കുടിവെള്ള ടാങ്കിലേക്ക് ഒഴുകിയെത്തുന്നതായി വീട്ടുടമ പറഞ്ഞു. കക്കൂസ് മാലിന്യവും അടുക്കള മാലിന്യവുമൊക്കെ പതിവായി നിക്ഷേപിക്കുന്നതാണ് ഇവിടത്തെ മൂടിയില്ലാത്ത കാന.

More Citizen News - Ernakulam