വിമാനത്താവളത്തില്‍ നായകള്‍ക്ക്് ഫൈവ് സ്റ്റാര്‍ കെന്നല്‍

Posted on: 16 Sep 2015നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളായ നായകള്‍ക്ക്്് വിശ്രമിക്കാന്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടു കൂടിയ കെന്നല്‍.
വിമാനത്താവളത്തില്‍ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന സി.ഐ.എസ്.എഫിന്റെ ഡോഗ് സ്‌ക്വാഡിനായാണ് കെന്നല്‍ ഒരുക്കിയിരിക്കുന്നത്. സി.ഐ.എസ്.എഫിന്റെ നായകള്‍ക്ക് വിശ്രമിക്കാനും അവയെ പരിശീലിപ്പിക്കാനും 1.10 കോടി രൂപ ചെലവിട്ടാണ് സിയാല്‍ കെന്നല്‍ പണികഴിപ്പിച്ചത്.
സി.ഐ.എസ്.എഫിന്റെ സ്‌ക്വാഡില്‍ ആറ് നായകളുണ്ട്. ചാര്‍ളി, ലാറ, സ്​പാര്‍ക്കി, ആന്റോ, ഐവാന്‍, രംഭി എന്നീ പേരുകളുള്ള ഈ ആറ് നായകള്‍ക്കും പഞ്ചാബിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ട്രെയിനിങ് സെന്ററിലും ഗ്വാളിയോറിലെ ബി.എസ്.എഫ്. ഡോഗ് ട്രെയിനിങ് സ്‌കൂളിലും വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്.
ഐവാന്‍ ഒഴികെയുള്ളവയെല്ലാം ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ടവയാണ്. ഐവാന്‍ കോക്കര്‍ സ്​പാന്നിയനും. സ്‌ഫോടക വസ്തുക്കള്‍ മണംപിടിച്ച് മനസ്സിലാക്കുന്നതിലാണ് എല്ലാവര്‍ക്കും പ്രാവീണ്യം.
കാര്‍ഗോ കോംപ്ലക്‌സിന് പടിഞ്ഞാറുവശത്ത്്് 6500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഇരുനില പാര്‍പ്പിട-പരിശീലന സംവിധാനമാണ് ഇവയ്ക്കായി പണികഴിപ്പിച്ചിട്ടുള്ളത്.
ആറ് പേര്‍ക്കും പ്രത്യേകം എ.സി. മുറികള്‍. എ.സി. മടുത്താല്‍ തൊട്ടടുത്ത നോണ്‍ എ.സി. മുറിയിലേക്ക് മാറാം. ഉലാത്താനും കളിക്കാനും പരിശീലനത്തിനും പ്രത്യേക ഹാള്‍. കുളിക്കാന്‍ ബാത്ത് ടബ്ബ്. കിടക്കാന്‍ തടിക്കട്ടില്‍. ഓരോ നായയ്ക്കും കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള സി.ഐ.എസ്.എഫുകാര്‍ സംരക്ഷകരായുണ്ട്്്. കെന്നല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോഗ് സ്‌ക്വാഡിന്റെ അഭ്യാസ പ്രകടനങ്ങളും അരങ്ങേറി.
സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ കെന്നല്‍ ഉദ്ഘാടനം ചെയ്തു. വിമാനത്താവളം ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഗൗരി ശങ്കര്‍, സി.ഐ.എസ്.എഫ്. സീനിയര്‍ കമാന്‍ഡന്റ് ഡോ. ശിശിര്‍ കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam