ചെന്നായ്ക്കളെപ്പോലെ തെരുവുനായ്ക്കള്‍

Posted on: 16 Sep 2015തൃപ്പൂണിത്തുറ: കാട്ടിലെ ചെന്നായ്ക്കളെപ്പോലെ കൂട്ടമായി തെരുവുനായ്ക്കള്‍ വന്ന് വീട്ടില്‍ വളര്‍ത്തുന്ന ആടുകളെ ആക്രമിച്ച് കടിച്ചെടുത്തുകൊണ്ടുപോയി കൊന്നുതിന്നു. ഇരുമ്പനത്ത് റെയില്‍വേ മേല്പാലത്തിന് സമീപം മുറുത്താട്ടില്‍ ചന്ദ്രന്റെ എട്ട് ആടുകളെയാണ് സമീപത്ത് പൊന്തക്കാട്ടില്‍ താവളമാക്കിയ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. രണ്ട് മാസത്തിനുള്ളിലാണിത്.
വീട്ടുവളപ്പിലെ ആട്ടിന്‍കൂട്ടില്‍ നിന്ന് അഴിച്ചുവിടുമ്പോഴാണ് നായ്ക്കള്‍ ആടുകളെ കടിച്ചെടുക്കുന്നത്. കഴിഞ്ഞദിവസം കൂട്ടില്‍ക്കടന്ന നായ്ക്കൂട്ടം രണ്ട് ആടുകളെ കടിച്ചെടുത്തുകൊണ്ടുപോയപ്പോള്‍ വീട്ടുകാര്‍ നായകളെ അടിച്ചോടിക്കുകയായിരുന്നു. കാലിനും കഴുത്തിനും കടിയേറ്റ ആടുകള്‍ അവശനിലയിലാണ്.
സമീപത്ത് ലക്ഷംവീട്ടില്‍ സുനില്‍കുമാറിന്റെ മൂന്ന് ആടുകളേയും റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ ചിന്നത്തമ്പിയുടെ ഒരാടിനേയും തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഐഒസിയുടെ സ്ഥലം കാടുപിടിച്ചുകിടക്കുന്നതാണ് നായ്ക്കള്‍ താവളമാക്കാന്‍ കാരണമെന്ന് കൗണ്‍സിലര്‍ എം.പി. മുരളി പറഞ്ഞു. ആടിനെ ആക്രമിക്കാനെത്തുന്ന നായ്ക്കളെ ഓടിക്കാന്‍ ചെല്ലുമ്പോള്‍ അവ തങ്ങളുടെ നേരേയും കുരച്ചുചാടുകയാണെന്ന് മുറുത്താട്ടില്‍ ചന്ദ്രന്‍ പറഞ്ഞു. വര്‍ഷങ്ങളായി ആട് വളര്‍ത്തല്‍ കൃഷിയായി സ്വീകരിച്ചിട്ടുള്ള നിര്‍ധന കുടുംബമാണ് ചന്ദ്രന്റേത്.
നായ്ക്കള്‍ ഓടിച്ച ഒരു ആട് കുളത്തില്‍വീണും ചത്തു. ഈഭാഗത്ത് പറമ്പില്‍ പുല്ല് തിന്നുകയായിരുന്ന ഒരു പശുവിനേയും തെരുവുനായ്ക്കള്‍ ചേര്‍ന്ന് കടിക്കാനായി ഓടിച്ചു. മുറുത്താട്ടില്‍ ഉഷ രവിയുടെ പശുവിനെയാണ് പൊന്തക്കാട്ടില്‍ നിന്ന് വന്ന നായ്ക്കള്‍ ഓടിച്ചത്. ഭയന്ന് സമീപത്ത് ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് ഓടിക്കയറിയ പശുവിന്റെ പിന്നാലെ നായ്ക്കളും ഇവിടേക്ക് കയറി. സമീപ വീട്ടുകാര്‍ ഇതുകണ്ട് നായ്ക്കളെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. അമ്പതോളം തെരുവുനായ്ക്കള്‍ മുറത്താട്ടില്‍ കുളത്തിനടുത്തുള്ള കാട്ടില്‍ വന്യമൃഗങ്ങളെപ്പോലെ കഴിയുകയാണെന്ന് സമീപവാസികള്‍ പറഞ്ഞു.

More Citizen News - Ernakulam