കോലഞ്ചേരി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് 3.75 കോടി

Posted on: 16 Sep 2015കോലഞ്ചേരി: കോലഞ്ചേരിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായി 3.75 കോടി രൂപ അനുവദിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പിന്നില്‍ സഹകരണ കോളേജ് റോഡിലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ഗ്രാമവികസന വകുപ്പിന്റെ കൈവശമുള്ള 55 സെന്റ് സ്ഥലം കെട്ടിട നിര്‍മാണത്തിനായി റവന്യു വകുപ്പിന് മന്ത്രിസഭാ യോഗ തീരുമാന പ്രകാരം കൈമാറിയിരുന്നു. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുക എന്നത് ലക്ഷ്യമാക്കി സര്‍ക്കാര്‍ ഓഫീസുകള്‍ ഒറ്റക്കുടക്കീഴിലാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതെന്ന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. പൊതുജനങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഓഫീസുകളില്‍ കയറിയിറങ്ങുന്നതു മൂലമുണ്ടാകുന്ന സമയ നഷ്ടവും ധന നഷ്ടവും കുറയ്ക്കുവാന്‍ ഇതുമൂലം സാധിക്കും. ഇതിന്റെ ഭാഗമായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും. മതിയായ സൗകര്യങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫീസുകളും മാറ്റും. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കോലഞ്ചേരി സബ് ട്രഷറി ഓഫീസ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, കോലഞ്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്, എ.ഇ.ഒ. ഓഫീസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസ്, നാഷണല്‍ ഹൈവേ സെക്ഷന്‍ ഓഫീസ് തുടങ്ങിയ ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും. ആദ്യഘട്ടത്തില്‍ രണ്ടു നിലകളിലായി 8000 ചതുരശ്രയടി കെട്ടിടമാണ് നിര്‍മിക്കുന്നത്. പുതുതായി അനുവദിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് സ്ഥലം ലഭ്യമാക്കുമെന്നും ഒരുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും എം.എല്‍.എ. പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി, കെ.പി. പീറ്റര്‍, സി.പി. ജോയി, സി.ജെ. ജേക്കബ് എന്നിവരും സംബന്ധിച്ചു.

More Citizen News - Ernakulam