അങ്കമാലി : തെരുവുനായയുടെ ആക്രമണത്തില്‍ മുഖത്തിനും കണ്ണുകള്‍ക്കും ഗുരുതര പരിക്കേറ്റ് അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദേവനന്ദന് ആശുപത്രി വിട്ടു. മുഖത്തെ പരിക്കുകള്‍ ഭേദമാവുകയും കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടുകയും ചെയ്ത കുഞ്ഞിനെ ചൊവ്വാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
കുഞ്ഞ് സാധാരണഗതിയില്‍ ആഹാരം കഴിച്ചു തുടങ്ങിയതായും കണ്ണിനുപുറമെ നെറ്റി, കവിള്, മൂക്ക്, ചുണ്ട് എന്നിവിടങ്ങളിലെ മുറിവുകളും ഉണങ്ങിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കോതമംഗലം തൃക്കാരിയൂര്‍ ആമല അമ്പോലിക്കാവിനു സമീപം തൃക്കാരുകുടിയില്‍ രവീന്ദ്രന്റെയും അമ്പിളിയുടെയും മകനാണ് രണ്ടര വയസ്സുള്ള ദേവനന്ദന്. സപ്തംബര്‍ ആറിന് ഉച്ചയ്ക്ക് 1.45-നാണ് ദേവനന്ദനെ തെരുവുനായ കടിച്ചുകീറിയത്.