സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയില്‍; ഹെഡ്മാസ്റ്റര്മാര് പ്രതിഷേധത്തില്‍
Posted on: 16 Sep 2015
കോലഞ്ചേരി: സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി സര്‍ക്കാറിന്റെ അനാസ്ഥ മൂലം പ്രതിസന്ധിയിലാകുന്നതായി ആക്ഷേപം.
കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ 44 പ്രൈമറി സ്കൂളുകളില്‍ ആറ് സ്കൂളുകളില്‍ മാത്രമാണ് പദ്ധതിക്കാവശ്യമായ തുക ഈ അധ്യയന വര്‍ഷത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. 14 സ്കൂളുകളില്‍ ഇനിയും കുറച്ച് തുക പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ബാക്കി സ്കൂളുകളില്‍ കുറച്ച് തുക ലഭ്യമായെങ്കിലും പദ്ധതിയുടെ നടത്തിപ്പിന് ഇത് തികയുകയില്ലെന്നാണ് ഹെഡ്മാസ്റ്റേഴ്സ് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ എ.ഇ.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുവാനും ഒക്ടോബര്‍ ഒന്ന് മുതല്‍ ഔദ്യോഗിക പരിപാടികളില്‍ നിസ്സഹകരിക്കാനുമാണ് തീരുമാനമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ഒരു വിദ്യാര്‍ഥിക്ക് 20 ദിവസത്തേക്ക് 1100 രൂപയാണ് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു നല്‍കുന്നത്. ഇത് നാല് വര്‍ഷം മുമ്പുള്ള ഭക്ഷ്യസാധനങ്ങളുടെ വിലയെ അടിസ്ഥാനമാക്കി നിശ്ചയിച്ചിരിക്കുന്ന നിരക്കാണ് ഇപ്പോഴും ലഭിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഹെഡ്മാസ്റ്റര്മാസ്റ്ററുടെ അക്കൗണ്ടിലേക്ക് മുന്‍കൂറായി തുക ലഭിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ലഭിക്കുന്നില്ല. ഹെഡ്മാസ്റ്റര്മാര് ഒരുമാസം ശരാശരി ഇരുപതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെ നിലവില്‍ വായ്പയെടുക്കേണ്ട ഗതികേടിലാണ്.
അനിയന് പി. ജോണ്‍, സി.കെ. രാജന്, എം.കെ. ആനന്ദസാഗര്‍, ഏലിയാസ് ജോണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.