ജീവനക്കാരില്ല; തൂങ്ങാലി ആശുപത്രിക്ക് അവഗണന
Posted on: 16 Sep 2015
കുറുപ്പംപടി: ജീവനക്കാരുടെ കുറവുമൂലം തൂങ്ങാലിയിലെ വേങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം അവതാളത്തിലായി. 22 രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുണ്ടെങ്കിലും രാത്രി ഡോക്ടറുടെ സേവനം ലഭ്യമല്ല. ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്, ഹെഡ് നഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, അറ്റന്‍ഡര്‍ തുടങ്ങിയ തസ്തികകളില്‍ ആളില്ലാതായിട്ട് കാലങ്ങളായി. ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സ് കാടുകയറുന്നു.
മുന്‍പ് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആശുപത്രി വേങ്ങൂര്‍, മുടക്കുഴ, അശമന്നൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലുള്ള സാധുകുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. വേങ്ങൂര്‍ പഞ്ചായത്ത് പരിധിയിലെ പൊങ്ങിന്‍ചോട് ഗിരിവര്‍ഗ കോളനിയില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി കോളനിവാസികള്‍ ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നും ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും വേണ്ടവിധം ഉപയോഗപ്പെടാത്താന് കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനാവശ്യമായ മോര്‍ച്ചറി സൗകര്യത്തോടു കൂടിയാണ് ആശുപത്രി മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്.
ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും 24 മണിക്കൂര്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്. ക്വാര്‍ട്ടേഴ്സ് പുനര്‍നിര്‍മിച്ച് ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്യണമെന്നും ആവശ്യമുണ്ട്.
ആശുപത്രി നേരിടുന്ന അവഗണനയ്ക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍ സഭ നിയോജകമണ്ഡലം സെക്രട്ടറി എ.വി. ജോസഫ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി.