പോത്താനിക്കാട് പഞ്ചായത്ത് വിപണന കേന്ദ്രത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണം

Posted on: 16 Sep 2015പോത്താനിക്കാട്: പഞ്ചായത്തിലെ കാര്‍ഷിക വിപണന കേന്ദ്രത്തിന് മുമ്പിലുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. ചെളിനിറഞ്ഞ വെള്ളക്കെട്ടുമൂലം ഒട്ടേറെപ്പേരാണ് ബുദ്ധിമുട്ടിലായത്. വിപണന കേന്ദ്രത്തോടു ചേര്‍ന്ന് ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായി സ്‌പെഷല്‍ സ്‌കൂള്‍, ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മൃഗസംരക്ഷണ ഉപകേന്ദ്രം തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെളിനിറഞ്ഞ വെള്ളത്തിലിറങ്ങാതെ കടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
കാര്‍ഷിക വിപണന കേന്ദ്രത്തിന് 30 ലക്ഷം രൂപ ചെലവഴിച്ച് പണിയുന്ന കെട്ടിടം പൂര്‍ത്തിയായിവരികയാണ്. കെട്ടിടത്തിനു പിന്നില്‍ ഓടനിര്‍മിച്ച് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരിഹാരമുണ്ടായിട്ടില്ല. കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ തൊട്ടടുത്തുവരെ ഓട പണിതിട്ടുണ്ട്. ഇനി കുറച്ചുഭാഗത്തുകൂടി ഓട പണിതാല്‍ വെള്ളക്കെട്ട് പരിഹരിക്കാം. ചെളിവെള്ളം ഇപ്പോള്‍ ഒഴുകിപ്പോകുന്നത് മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സിലുള്ള റോഡ് വഴിയാണ്. ഇത് കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ സ്റ്റേറ്റ് ബാങ്കിന് മുന്നില്‍ റോഡ് തകരുന്നതിന് കാരണമായി.
അടുത്തിടെയാണ് പൊതുമരാമത്ത് വകുപ്പ് ഈ റോഡ് നന്നാക്കിയത്. കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ പണി പൂര്‍ത്തീകരിക്കപ്പെടുന്നതിനോടൊപ്പം ഇവിടെയുള്ള വെള്ളക്കെട്ട് കൂടി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരിക്കല്‍ക്കൂടി അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ കുട്ടികള്‍.

More Citizen News - Ernakulam