രാമമംഗലത്ത് നാളികേര സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം നാളെ

Posted on: 16 Sep 2015പിറവം: നാളികേരോല്പാദക ഫെഡറേഷനു കീഴില്‍ ജില്ലയിലെ ആദ്യ നാളികേര സംസ്‌കരണ കേന്ദ്രം (കൊപ്ര ഡ്രയര്‍) രാമമംഗലത്ത് പ്രവര്‍ത്തനത്തിനൊരുങ്ങി. വ്യാഴാഴ്ച വൈകീട്ട് 4ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ നാളികേര സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനാകും.
രാമമംഗലം മാര്‍ക്കറ്റില്‍ 12 ലക്ഷം രൂപ ചെലവില്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിലാണ് ആറ് ലക്ഷം രൂപ ചെലവില്‍ ആധുനിക രീതിയിലുള്ള കൊപ്ര ഡ്രയര്‍ സ്ഥാപിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് പതിനായിരം പച്ചത്തേങ്ങ വെട്ടി കൊപ്രയാക്കാന്‍ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. നാളികേരോല്പാദക ഫെഡറേഷന് കീഴിലുള്ള ജില്ലയിലെ ആദ്യ സംരംഭമാണിതെന്ന് രാമമംഗലം നാളികേരോല്പാദക ഫെഡറേഷന്‍ പ്രസിഡന്റ് കെ.ഇ. തമ്പി, ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് വില്‍സണ്‍ കെ. ജോണ്‍ എന്നിവര്‍ പറഞ്ഞു.
ഉദയംപേരൂര്‍, ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, പിറവം, രാമമംഗലം, പൂത്തൃക്ക എന്നീ ആറ് പഞ്ചായത്തുകളിലായുള്ള 22 നാളികരോല്പാദക സംഘങ്ങളുടെ കൂട്ടായ്മയാണ് രാമമംഗലം നാളികേരോല്പാദക ഫെഡറേഷന്‍. ഇപ്പോള്‍ ഫെഡറേഷന് കീഴില്‍ മൂവായിരത്തോളം കര്‍ഷകരുണ്ട്.
കര്‍ഷകരില്‍ നിന്നും അതത് കാലത്തെ വിപണി വിലയ്ക്ക് പച്ചത്തേങ്ങ സംഭരിച്ച്, കൊപ്രയാക്കി കേരഫെഡിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഇവിടെ തന്നെ എക്‌സ്‌പെല്ലര്‍ സ്ഥാപിച്ച് കൊപ്ര ആട്ടി വെളിച്ചെണ്ണയാക്കാനും ഫെഡറേഷന് ഉദ്ദേശ്യമുണ്ട്.
വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങില്‍ ജോസ് കെ. മാണി എംപി കര്‍ഷകര്‍ക്കുള്ള തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

More Citizen News - Ernakulam