പ്രാദേശിക കാലാവസ്ഥാ പഠനത്തിന് നൂതന സാങ്കേതിക വിദ്യയുമായി വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജ്

Posted on: 16 Sep 2015മൂവാറ്റുപുഴ: അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് പ്രാദേശികമായി പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ 3-ാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഇന്‍സൈറ്റ് എന്ന പദ്ധതിക്ക് ബുധനാഴ്ച തുടക്കം കുറിക്കും.
ക്യാമറയും വിവിധ ഇനം സെന്‍സറുകളും ഉള്‍ക്കൊള്ളുന്ന വെതര്‍ബലൂണ്‍ 30 കി. മീറ്റര്‍ ഉയരത്തിലേക്ക് ഉയര്‍ത്തിവിട്ടുകൊണ്ടാണ് പഠനങ്ങള്‍ നടത്തുക. രാവിലെ 10 മണിക്ക് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിനടുത്ത് മൈലാടുംപാറയിലാണ് വെതര്‍ബലൂണ്‍ ലോഞ്ചിങ്ങ്. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ അടക്കമുള്ള ഏജന്‍സികളുടെ അനുമതിയോടെയാണ് പരിപാടിയെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
ഹൈഡ്രജന്‍ നിറച്ച ബലൂണ്‍ 30 കി. മീറ്ററിന് മുകളി ലെത്തുമ്പോള്‍ പൊട്ടും. താഴേക്ക് പതിക്കുന്ന ക്യാമറയുടേയും സെന്‍സറിന്റേയും മറ്റ് സംവിധാനങ്ങളുടേയും സുരക്ഷയ്ക്കായി പാരച്യൂട്ടും ഓരോ നിമിഷവുമുള്ള നിരീക്ഷണത്തിനായി ജി.പി.എസ്. സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ബലൂണില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഘങ്ങളുടേയും പരിസ്ഥിതിയുടേയും ദൃശ്യങ്ങള്‍ പകര്‍ത്തും.
കൂടാതെ സെന്‍സറുകള്‍ അന്തരീക്ഷ മര്‍ദ്ദവും ഊഷ്മാവും ഓരോ നിമിഷവും രേഖപ്പെടുത്തും. ഏറ്റവും ചെലവുകുറഞ്ഞതും കൃത്യതയുമുള്ള സാങ്കേതിക വിദ്യ ഇന്ത്യയില്‍ ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നതെന്ന് കോളേജധികൃതര്‍ അവകാശപ്പെടുന്നു. വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ആണ് ഇതിന് നേതൃത്വം വഹിക്കുന്നത്.
മെക്കാനിക്കല്‍ വിഭാഗം മേധാവി വിനോജ് കെ., അസി. പ്രൊഫ. അജോ ഐസക് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 3-ാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളായ ബി. ഷോബിന്‍ മാത്യു, ബെന്നിറ്റേ ബെന്‍സണ്‍, ജോസ്‌മോന്‍ ജോര്‍ജ്, ജോ തമ്പി, ജിസ്സിന്‍ വിന്‍സന്റ്, ജേക്കബ് കുര്യാച്ചന്‍, സുനില്‍ സണ്ണി, എഡ്വിന്‍ ജോസ്, അലന്‍സി ജോസഫ് എന്നിവരാണ് പുതിയ സംരംഭത്തിന് പിന്നില്‍.

More Citizen News - Ernakulam