എം.ഇ.എസ്. മെഡിക്കല്‍ കോളേജ് നടത്തിയ പ്രവേശനത്തില്‍ അപാകം-ജെയിംസ് കമ്മിറ്റി
Posted on: 16 Sep 2015
കൊച്ചി: പെരിന്തല്‍മണ്ണ എം.ഇ.എസ്. കോളേജിലേക്ക് രണ്ട് ഘട്ടമായി നടന്ന പ്രവേശനത്തില്‍ അപാകമുണ്ടെന്ന് പ്രവേശന മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ജെയിംസ് കമ്മിറ്റി കണ്ടെത്തി. മാധ്യമങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് അതത് പത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ മാത്രമാണ് നല്‍കിയിട്ടുള്ളതെന്ന് ജെയിംസ് കമ്മിറ്റി വിലയിരുത്തി.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അവസരം നിഷേധിച്ചെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രവേശന മേല്‍നോട്ട സമിതി പ്രവേശനത്തിന് സമയക്രമം നിശ്ചയിച്ചു നല്‍കിയതിനെതിരെ എം.ഇ.എസ്. സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.
സപ്തംബര്‍ 10 വരെ രണ്ട് ഘട്ടമായി നടത്തിയ പ്രവേശനത്തിന്റെ വിശദ വിവരങ്ങള്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കാന്‍ കോടതി ഹര്‍ജി പരിഗണിക്കവേ നിര്‍ദേശിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കാന് പ്രവേശന മേല്‍നോട്ട സമിതിയോടും ഉത്തരവിട്ടിരുന്നു.
സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേട്ടു. കോഴിക്കോടിനു പുറമെ മറ്റ് എഡിഷനുകളിലും പത്ര പരസ്യം നല്കിയെങ്കില് അക്കാര്യം അറിയിക്കാന്‍ സമയം നല്‍കിക്കൊണ്ട് ഹര്‍ജി വ്യാഴാഴ്ചയ്ക്ക് മാറ്റിയിട്ടുണ്ട്.
പ്രവേശന മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങളും സുപ്രീം കോടതി നിര്‍ദേശിച്ച സുതാര്യത, മെറിറ്റ്, പഠന മികവ് എന്നീ മാനദണ്ഡങ്ങളും പാലിക്കാന്‍ കോളേജിന് സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിറ്റിയുടെ അംഗീകാരമില്ലാത്ത പ്രോസ്പെക്ടസിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന സമയക്രമം.
അപേക്ഷാ നമ്പര്‍ പരിശോധിച്ചാല്‍ 1781 അപേക്ഷകള്‍ ലഭിച്ചതായി കരുതാവുന്നതാണ്. എന്നാല്‍ അര്‍ഹതയുള്ള 512-ഉം അര്‍ഹതയില്ലാത്ത 23-ഉം അപേക്ഷകളുടെ വിവരം മാത്രമേ സമിതിയില്‍ നല്കിയിട്ടുള്ളു. 61 പേരുടെ സെലക്ട് ലിസ്റ്റില്‍ മെറിറ്റ് പാലിച്ചതായി കാണുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സപ്തംബര്‍ 10-ന് മുമ്പ് നടത്തിയ പ്രവേശനങ്ങള്‍ക്ക് അംഗീകാരം നല്‍കാനാവില്ലെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
എം.ഇ.എസ്. ഡെന്റല്‍ കോളേജിലെ പ്രവേശനത്തിന്റെ പട്ടികയും സമിതി പരിശോധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എം.ഇ.എസ്. കോളേജ് അംഗമല്ലാത്ത കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയില്‍ നിന്ന് നടത്തിയ ആറ് പേരുടെ പ്രവേശനം അംഗീകരിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഡെന്റല്‍ പ്രവേശനത്തിന് എം.ഇ.എസ്. സര്‍ക്കാറുമായി കരാറുണ്ടാക്കിയിട്ടുണ്ട്.