ഇന്‍ഫോപാര്‍ക്ക് കവലയില്‍ സിഗ്നല്‍ വരുന്നു

Posted on: 16 Sep 2015സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്


* സീപോര്‍ട്ട് റോഡില്‍ രാവിലെ എട്ടര മുതല്‍ ഒമ്പതര വരെയും വൈകീട്ട് മൂന്നര മുതല്‍ നാലര വരെയും ഹെവി വാഹനങ്ങള്‍ക്ക് നിരോധനം
* ഇന്‍ഫോപാര്‍ക്ക് റോഡിന്റെ തുടക്കത്തില്‍ ഹമ്പുകള്‍ ഉണ്ടാക്കും

കാക്കനാട്:
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പദ്ധതി. ചൊവ്വാഴ്ച കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്‍ഫോപാര്‍ക്ക് കവാടത്തിന് സമീപം പുതിയ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനമായി. ഈ ട്രാഫിക് സിഗ്നല്‍ ലൈറ്റ് ഇന്‍ഫോപാര്‍ക്ക് മുന്‍കൈയെടുത്തു സ്ഥാപിക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ. ഋഷികേശ് നായര്‍ യോഗത്തില്‍ അറിയിച്ചു.
സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് പത്ത് ലക്ഷം രൂപയോളം ചെലവ് വരും. ഇന്‍ഫോപാര്‍ക്ക് റോഡിന്റെ കവാടത്തില്‍ മൂന്ന് സ്​പീഡ് ബ്രേക്കറുകളും ഹമ്പുകളും സ്ഥാപിക്കും. ഈ ഭാഗം മുതല്‍ കളമശ്ശേരി വരെ റോഡ് ഉടന്‍ നന്നാക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ പ്രതിനിധി അറിയിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ രാവിലെ എട്ടര മുതല്‍ ഒമ്പതര വരെയും വൈകുന്നേരം മൂന്നര മുതല്‍ നാലര വരെയും ഹെവി വാഹനങ്ങള്‍ നിരോധിക്കാന്‍ യോഗം തീരുമാനിച്ചു. ഈ തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്‍ഫോപാര്‍ക്ക് കവാടത്തിനു മുന്നിലെ ബെല്‍മൗത്ത് രണ്ട് വശങ്ങളിലേക്കും 150 മീറ്റര്‍ കണ്ട് വര്‍ധിപ്പിക്കും. ഇതോടെ ഇവിടെ വാഹനങ്ങള്‍ക്ക് അനായാസം തിരിയാന്‍ കഴിയും. ഇവിടെ ട്രാഫിക് വാര്‍ഡനെ നിയോഗിക്കും. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നടക്കുന്ന വാഹനങ്ങളുടെ ടെസ്റ്റ് പരിശോധന ഗതാഗത പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് പുതിയ സ്ഥലം കണ്ടെത്തി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി അറിയിച്ചു.
കളമശ്ശേരി ഐടിഐ ക്കു മുന്നില്‍ റോഡില്‍ സീബ്രാലൈന്‍ വരയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്‍കി. ചെമ്പുമുക്ക് വാഴക്കാല റൂട്ടില്‍ പാര്‍ക്കിംഗ് ഒരു വശത്തു മാത്രമാക്കും. ഈ റോഡില്‍ ഇരുവശത്തുമായുള്ള വെള്ള വര നീക്കാനും കളക്ടര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
ഓലിമുകള്‍ ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള മാര്‍ഗത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കി. ഇവിടെ സ്ഥിരമായ പോലീസ് സംവിധാനം തുടരും.

More Citizen News - Ernakulam