സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങുന്നു, പ്രതിപക്ഷം ധര്‍ണ നടത്തി.

Posted on: 16 Sep 2015മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഉദ്യോഗസ്ഥ അനാസ്ഥ മൂലം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് പി. എസ്. സലീംഹാജി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ സി.എം. ഷുക്കൂര്‍, പി.പി. എല്‍ദോസ്, നസീര്‍ അന്ത്രുക്കൊച്ച്, ലില്ലി റോയി, ഹിബ്‌സണ്‍ എബ്രഹാം. ഷൈലജാ പ്രഭാകരന്‍, അനീസാ റഷീദ,് ആര്യ സജി, ബീന വിനയന്‍ എന്നിവര്‍ പങ്കെടുത്തു.
ഫിബ്രവരി, മാര്‍ച്ച്, മെയ് മാസങ്ങളിലെ പെന്‍ഷന്‍ ഈ ഓണത്തിനു മുമ്പ് ഗുണഭോക്താക്കളുടെ കൈയില്‍ എത്തിക്കാനായിരുന്നു പദ്ധതി. പെന്‍ഷന്‍ ലഭിക്കേണ്ടവരുടെ പട്ടികയും പോസ്റ്റ് ഓഫീസ് അക്കൗണ്ടും സപ്തംബര്‍ 24 ന് രാത്രി 12 ന് മുന്‍പായി അയച്ചു കൊടുക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍ അര്‍ഹരായവരുടെ ഡേറ്റ കൃത്യമായി അയച്ചു കൊടുക്കാത്താണ് പ്രശ്‌നമായത്.
ഇതിനു മുമ്പും സര്‍ക്കാര്‍ നേരിട്ട് നഗര സഭയിലേക്ക് നല്കിയ 25 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ പാഴാക്കിയതായി പ്രതിപക്ഷം ആരോപിച്ചു. അപേക്ഷ നല്കിയവര്‍ പിന്നീട് ഓഫീസിലെത്തി തിരക്കുമ്പോള്‍ അപേക്ഷ കണ്ടില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുന്ന സംഭവവും മൂവാറ്റുപുഴയില്‍ നടക്കുന്നതായി ആക്ഷേപമുണ്ട.്
അഗതികള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവ നല്കുന്ന ആശ്രയ പദ്ധതിയും നിര്‍ത്തി വച്ചിരിക്കുകയാണ്. യോഗത്തില്‍ വാളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്സീസ് പാണ്ട്യാരപ്പിളളി. സി.ഡി.പി.ഒ. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam