നേതാക്കള്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണം - എ.സി. ജോസ്‌

Posted on: 16 Sep 2015കൊച്ചി: കോണ്‍ഗ്രസില്‍ ശക്തമായിട്ടുള്ള ഗ്രൂപ്പ് രാഷ്ട്രീയം കേരളത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂലമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ള രാഷ്ട്രീയ സാഹചര്യം തകര്‍ക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ എ.സി. ജോസ് പറഞ്ഞു.
ചുരുക്കം ചില നേതാക്കള്‍ കളിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനും ഭരണതലങ്ങളില്‍ പ്രാതിനിധ്യം ലഭിക്കാനും അവസരമൊരുക്കുന്നതാണ് പഞ്ചായത്ത് - മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അധികാരത്തില്‍ വന്ന യുഡിഎഫ് ഭരണസമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ഗ്രാമീണ മേഖലയില്‍വരെ വലിയ പുരോഗതിയും വികസനവും ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഈ വികസനങ്ങളെ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ വിജയം കൈവരിക്കാനാവും. കേരള ഗവണ്‍മെന്റിന്റെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. ഈ സാധ്യത തകര്‍ക്കുന്ന വിധത്തിലുള്ള ഗ്രൂപ്പ് കളികളാണ് പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാധാരണ പ്രവര്‍ത്തകരോട് കാണിക്കുന്ന കടുത്ത അനീതിയാണിതെന്ന് എ.സി. ജോസ് പ്രസ്താവനയില്‍ പറഞ്ഞു. മുന്‍കാലങ്ങളിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് സര്‍വാദരണീയരായ തലയെടുപ്പുള്ള നേതാക്കള്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. മാത്രവുമല്ല, എത്ര ശക്തമായ ഗ്രൂപ്പ് പോര് ഉണ്ടാകുമ്പോഴും എപ്പോള്‍ എവിടെ നിര്‍ത്തണം എന്ന കാര്യത്തില്‍ ആ നേതാക്കള്‍ക്ക് ബോധ്യവുമുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇത്തരം നേതാക്കളുടെ ഇല്ലായ്മ വലിയ ശൂന്യതയാണ് വരുത്തിയിരിക്കുന്നത്. ഗ്രൂപ്പുകള്‍ക്ക് വിരാമമിട്ട് ഐക്യത്തോടെയും കാര്യക്ഷമമായും കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് നീങ്ങിയതുകൊണ്ടാണ് കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലുമെല്ലാം വലിയ വിജയം നേടുവാന്‍ കഴിഞ്ഞത്. ഈ സാധ്യത നേതാക്കള്‍ മറന്നാലും പ്രവര്‍ത്തകര്‍ മറക്കരുത്. പാര്‍ട്ടിക്ക് അനുകൂലമായ ഇന്നത്തെ സാഹചര്യം മുതലെടുത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നീങ്ങാനും ചില നേതാക്കളുടെ ഗ്രൂപ്പ് താല്പര്യങ്ങളെ അപ്പാടെ അവഗണിക്കാനും പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്ന് ജോസ് അഭ്യര്‍ത്ഥിച്ചു.

More Citizen News - Ernakulam