പഞ്ചായത്തില്‍ മുഴുവന്‍ കുടിവെള്ളവും വെളിച്ചവും എത്തിച്ചു....കെ.എ. അഗസ്റ്റിന്‍, പ്രസിഡന്റ്, കോട്ടുവള്ളി

Posted on: 16 Sep 2015പ്രധാനമന്ത്രിയുടെ ആദര്‍ശ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോട്ടുവള്ളി ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നാണ്. 20.18 കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ കോട്ടുവള്ളി-കൈതാരം, വള്ളുവള്ളി-കൂനമ്മാവ്, തത്തപ്പിള്ളി-മന്നം എന്നീ മൂന്ന് മേഖലകളായി സ്ഥിതിചെയ്യുന്നു. 22 വാര്‍ഡുകളുള്ള പഞ്ചായത്തിലെ ജനസംഖ്യ 43215 ആണ്. ദേശീയപാതയും, സംസ്ഥാന പാതയും പഞ്ചായത്തിലുടെ കടന്നുപോകുന്നുണ്ട്. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ളതാണ് ഭരണസമിതി.

പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സമ്പൂര്‍ണമായി കുടിവെള്ളവും, വെളിച്ചവും എത്തിക്കാനായത് അഭിമാനകരമായ നേട്ടമായി.
പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് സര്‍ക്കാര്‍ യു.പി.സ്‌കൂളുകളിലും, ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി. ഇതുവഴി അദ്ധ്യാപന നിലവാരം ഉയര്‍ത്തുവാനും,കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാക്കാനും സാധിച്ചു.
തുടര്‍വിദ്യാഭ്യാസ രംഗത്ത് പഞ്ചായത്തിലെ പഠിതാക്കളെ പ്ലസ് വണ്‍ വരെ എത്തിക്കാനായി. നാലാം തരത്തില്‍ പഞ്ചായത്ത് സമ്പൂര്‍ണ നേട്ടം വരിച്ചു.
കാര്‍ഷിക രംഗത്തും വന്‍ കുതിച്ചുചാട്ടമുണ്ടായി. പഞ്ചായത്ത് ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ പഞ്ചായത്തില്‍ ആകെയുള്ള 250 ഹെക്ടര്‍ പാടത്ത് 31 ഹെക്ടറില്‍ മാത്രമാണ് കൃഷി ചെയ്തിരുന്നത്. ഇത് ഇരട്ടിയാക്കാന്‍ കഴിഞ്ഞു. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി തുടര്‍ പദ്ധതികള്‍ നടപ്പാക്കി.
മത്സ്യമേഖലയില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാക്കാനായി. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് മേശയും കസേരയും ഉള്‍പ്പടെയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ആറ് അങ്കണവാടികള്‍ക്ക് പുതിയതായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു, കുടിവെള്ളവും വെളിച്ചവും എത്തിച്ചു. രണ്ട് അങ്കണവാടികള്‍ക്ക് കെട്ടിടത്തിനുള്ള അനുമതിയായി.
ആരോഗ്യമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാലിന്യസംസ്‌കരണത്തിന് പദ്ധതികള്‍ കൊണ്ടുവന്നു.

More Citizen News - Ernakulam