മെറ്റല്‍ എത്തിയിട്ട് ഒരുവര്‍ഷമായിട്ടും സബ് സ്റ്റേഷന്‍ റോഡ് ടാര്‍ െചയ്തില്ല

Posted on: 16 Sep 2015കൂത്താട്ടുകുളം: പാലക്കുഴ- കൂത്താട്ടുകുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സബ്‌സ്റ്റേഷന്‍ റോഡിന്റെ ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാകാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡിന്റെ ടാറിംഗ് ജോലികള്‍ക്കായി മെറ്റല്‍ എത്തിച്ചിട്ട് ഒരു വര്‍ഷമാകുകയാണ്. റോഡിന്റെ വശങ്ങളില്‍ ഇറക്കിയിട്ടിരിക്കുന്ന മെറ്റല്‍ നിരന്ന് കിടക്കുന്നത് മൂലം വാഹനാപകടവും ഇവിടെ പതിവാണ്.
ടാര്‍ കിട്ടാത്തത് മൂലമായിരുന്നു റോഡ് പുനരുദ്ധാരണം മുടങ്ങിയത് എന്ന വാദമാണ് ആദ്യം ഉയര്‍ത്തിയത്. ടാര്‍ എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പുനരുദ്ധാരണം ആരംഭിച്ചിട്ടില്ല . മെറ്റല്‍ കൂനകളില്‍ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞു. കൂത്താട്ടുകുളത്ത് നിന്നും പാലക്കുഴയിലേക്ക് എത്തുന്നതിനുള്ള എളുപ്പവഴികളില്‍ ഒന്നാണ് സബ്‌സ്റ്റേഷന്‍ റോഡ്. ഇന്‍ഫന്റ് ജീസസ് സ്‌കൂളുകളിലേക്കുള്ള കുട്ടികളും ഈ റോഡിലൂടെയാണ് എത്തുന്നത്.
സബ് സ്റ്റേഷന്‍ റോഡും എം.സി. റോഡുമായി ബന്ധിപ്പിക്കുന്ന പാലവും ബലക്ഷയത്തിലാണ്. കൂത്താട്ടുകുളത്തെ കെ.എസ്. ഇ.ബി. സബ് സ്റ്റേഷന്‍ പ്രവര്‍ത്തനകേന്ദ്രവും, പുതിയ കെ.എസ്.ഇ.ബി. ഓഫീസ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന പ്രദേശത്തിലേക്കുള്ള വഴിയും ഈ പാലത്തിലൂടെയാണ്.

More Citizen News - Ernakulam