കൊച്ചിയില്‍ ഒരു ലക്ഷത്തിന്റെ കള്ളനോട്ട് പിടിച്ചു

Posted on: 16 Sep 2015പണം ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടു വന്നത്; അന്വേഷണം മലപ്പുറം കേന്ദ്രീകരിച്ച്
കൊച്ചി:
നഗരത്തിലെ ഒരു സ്വകാര്യ ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണത്തില്‍ ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. ഒരു ബിസിനസുകാരന്‍ മുംബൈയിലേക്ക് അയയ്ക്കാന്‍ കൊണ്ടുവന്ന 20 ലക്ഷം രൂപയിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
കാര്‍ വിറ്റ വകയില്‍ ലഭിച്ച പണമാണിതെന്നാണ് ബിസിനസുകാരന്‍ പോലീസിന് നല്‍കിയ മൊഴി. ഇതോടെ കാര്‍ വാങ്ങിയ മലപ്പുറം സ്വദേശികള്‍ക്കായി കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. പല സംഘങ്ങളായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.
മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ബിസിനസുകാരനാണ് തിങ്കളാഴ്ച സ്വകാര്യ ബാങ്ക് വഴി മുംബൈയില്‍ താമസിക്കുന്ന മകന് പണമയയ്ക്കാനെത്തിയത്. കള്ളനോട്ടുകള്‍ കണ്ടെത്തിയതോടെ ബാങ്ക് അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തന്റെ ആഡംബര കാര്‍ ഇടനിലക്കാരന്‍ മുഖേന മലപ്പുറത്ത് നിന്നെത്തിയ സംഘത്തിന് വിറ്റതായും ഇതിന്റെ പ്രതിഫലമായി ലഭിച്ച തുകയാണ് ബാങ്കില്‍ നല്‍കിയതെന്നും ബിസിനസുകാരന്‍ മൊഴി നല്‍കി. ബാങ്ക് മുഖേന പണം നല്‍കിയാല്‍ മതിയെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പണം കൊണ്ടുവന്നതായി കാര്‍ വാങ്ങാന്‍ വന്നവര്‍ പറഞ്ഞതോടെ, പണം വാങ്ങി കാര്‍ കൈമാറുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ബാങ്കിലെ വിശ്വസ്ത ഇടപാടുകാരനാണെന്ന് അധികൃതര്‍ അറിയിച്ചതോട പോലീസ് അന്വേഷണം കാര്‍ വാങ്ങിയവരെ കേന്ദ്രീകരിച്ചായി. ഇവര്‍ സംസ്ഥാനം വിടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മലപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് സംഘത്തിലെ പ്രധാന കണ്ണിയായ ഒരാള്‍ നേരത്തെ കോട്ടയത്ത് പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ എറണാകുളത്ത് വ്യാപകമായി കള്ളനോട്ട് എത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

More Citizen News - Ernakulam