ഇന്ദുവിനും മക്കള്‍ക്കും കേള്‍ക്കാം വിനയന്റെ ഹൃദയമിടിപ്പ് മറ്റൊരു ജീവനില്‍

Posted on: 15 Sep 2015കടുങ്ങല്ലൂര്‍: ഇനിയൊരു കൈത്താങ്ങില്ലാത്ത നിര്‍ധന കുടുംബത്തെ അനാഥരാക്കി മരണം കവര്‍ന്നെടുത്ത വിനയകുമാറിന്റെ ഹൃദയം മറ്റൊരു ജീവന് വേണ്ടി മിടിക്കും. പ്രിയതമന്റെ വേര്‍പാടില്‍ തേങ്ങിക്കരയുമ്പോഴും ഭാര്യ ബിന്ദുവിനും നാല് മക്കള്‍ക്കും അത് മാത്രമാണ് ഏക ആശ്വാസം. അതുതന്നെയാണ് അവയവ ദാനത്തിന് സമ്മതമേകാന്‍ അവരെ പ്രേരിപ്പിച്ചതും.
പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വൃന്ദാവന്‍ തെക്കുമുറ്റത്ത് വീട്ടില്‍ വിനയകുമാര്‍ ഞായറാഴ്ച ഉച്ചയ്ക്ക് ബന്ധുവിന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് പരിക്കേറ്റത്. ഏലൂര്‍ ഇ.എസ്.ഐ. ആസ്​പത്രിക്ക് സമീപത്തായിരുന്നു അപകടം. തുടര്‍ന്ന് എറണാകുളം ലൂര്‍ദ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കളുടെ സമ്മതപ്രകാരം വിനയകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആസ്​പത്രി അധികൃതര്‍ ശ്രമം തുടങ്ങിയത്.
തുടര്‍ന്ന് ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നീ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഹൃദയവും കരളും വൃക്കകളും യോജിക്കുന്ന രോഗികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കരള്‍ എറണാകുളം പി.വി.എസ്. ആസ്​പത്രിയിലേക്കും വൃക്കകള്‍ മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രി, ലൂര്‍ദ് ആസ്​പത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും കോര്‍ണിയ ആലുവയിലെ ആസ്​പത്രിയിലെ രോഗിക്കുമാണ് നല്‍കിയത്.
തിങ്കളാഴ്ച രാത്രിയാണ് ഡോക്ടര്‍മാരുടെ വിദഗ്ദ്ധസംഘം അവയവങ്ങളെടുക്കാനുള്ള ശസ്ത്രക്രിയ തുടങ്ങിയത്. രാത്രി തന്നെ അവയവങ്ങള്‍ അതത് ആസ്​പത്രികളിലേക്ക് മാറ്റി.
ഫാക്ടിലെ കരാര്‍ ജീവനക്കാരനായ വിനയകുമാറിന്റെ ആദ്യ ഭാര്യ അസുഖം ബാധിച്ച് മരിച്ച ശേഷമാണ് നാല് വര്‍ഷം മുന്പ് ഇന്ദുവിനെ വിവാഹംചെയ്തത്. അതിനുശേഷമാണ് സ്വദേശമായ മഞ്ഞുമ്മലില്‍ നിന്ന് കടുങ്ങല്ലൂരിലേക്ക് താമസം മാറ്റിയതും. ആദ്യ ഭാര്യയില്‍ രണ്ട് ആണ്‍മക്കളാണുള്ളത്. ഇപ്പോഴത്തെ വിവാഹത്തില്‍ രണ്ട് പെണ്‍കുട്ടികളും. ഈ നാല് മക്കളുമൊരുമിച്ചായിരുന്നു ഇവരുടെ ജീവിതം. ഏക വരുമാനം വിനയകുമാറിന്റെ ജോലിയില്‍ നിന്നുള്ളതായിരുന്നു.
മൂത്ത മകന്‍ നിവിന്‍കുമാര്‍ ബി.ടെക്. വിദ്യാര്‍ത്ഥിയാണ്. രണ്ടാമത്തെയാള്‍ നീരജ് കുമാര്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്നു. മകള്‍ ഗോപിക ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍ 6ലും. നാല് വയസ്സുള്ള കൃഷ്ണയാണ് ഇളയ മകള്‍.

More Citizen News - Ernakulam