ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഓയില്‍ റോഡില്‍ പരന്നു

Posted on: 15 Sep 2015രണ്ട് ബൈക്കുകള്‍ തെന്നിമറിഞ്ഞു


വൈറ്റില: കൊച്ചി ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഓയില്‍ റോഡില്‍ പരന്നത് അപകടത്തിനിടയാക്കി. കടവന്ത്രയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി റോഡ് കഴുകിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കണ്ണാടിക്കാട് നായേഴ്‌സ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കൊല്ലത്ത് നിന്ന് സര്‍വീസിങ്ങിനായി മരടിലെ ഷോറൂമിലേക്ക് വരികയായിരുന്ന കൊല്ലം സ്വദേശി പ്രവീണിന്റെ കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. യു ടേണ്‍ എടുക്കുന്നതിനായി വേഗം കുറച്ച കാറിനു പിന്നില്‍ പിന്നിലൂടെ വരികയായിരുന്ന എരമല്ലൂര്‍ സ്വദേശി ലൈജുവിന്റെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഓയില്‍ ടാങ്ക് പൊട്ടി ഓയില്‍ റോഡില്‍ പടര്‍ന്നു. ഇതിനിടെ പിന്നിലൂടെ വരികയായിരുന്ന രണ്ട് ബൈക്കുകള്‍ റോഡില്‍ തെന്നിവീണ് ബൈക്ക് യാത്രികര്‍ക്ക് നിസ്സാര പരിക്കേറ്റു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഫോം അടിച്ച് റോഡ് കഴുകി. പിന്നീട് പൊടിമണ്ണ് വിതറി അപകടാവസ്ഥ ഒഴിവാക്കി.

More Citizen News - Ernakulam