പപ്പന്‍പിള്ള റോഡിന്റെ പേരുമാറ്റം വിവാദമായി
Posted on: 15 Sep 2015
കരുമാല്ലൂര്‍: ആലങ്ങാട്ടെ പൊതു പ്രവര്‍ത്തകനായിരുന്ന പപ്പന് പിള്ളയുടെ പേരിലുണ്ടായിരുന്ന റോഡ് നവീകരിച്ചപ്പോള്‍ പേരുമാറ്റിയ പൊതുമരാമത്ത് നിലപാടിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം. ആലുവ-പറവൂര്‍ റോഡില്‍ കോട്ടപ്പുറം വായനശാലയ്ക്ക് സമീപത്തു നിന്ന് വടക്കോട്ടുള്ള റോഡിന് 2008 ലാണ് 'പപ്പന്‍പിള്ള റോഡ്' എന്ന പേര് നല്‍കിയത്.
നാട്ടുകാരുടെ ആവശ്യപ്രകാരം ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റി മിനിറ്റ്സില്‍ രേഖപ്പെടുത്തിയ തീരുമാന പ്രകാരമായിരുന്നു ഈ നാമകരണം. നാട്ടുകാര്‍ക്കു വേണ്ടി പ്രദേശവാസിയായ കെ.എസ്. കലാധരന്‍ രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ തികച്ചും ഉചിതമെന്ന് തോന്നിയതു കൊണ്ടാണ് പഞ്ചായത്ത് അങ്ങനെയൊരു തീരുമാനമെടുത്തത്. കാരണം ഈ പ്രദേശത്തെ പ്രതിനിധീകരിച്ച് 25 വര്‍ഷം ആലങ്ങാട് പഞ്ചായത്ത് അംഗമായിരുന്നയാളാണ് എം.കെ. പത്മനാഭന് എന്ന 'പപ്പന് പിള്ള'.
കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നെങ്കിലും നിസ്വാര്‍ത്ഥമായ പൊതു പ്രവര്‍ത്തനത്തിലൂടെ എതിര് വിഭാഗത്തിനു പോലും സമ്മതനായിരുന്നു അദ്ദേഹം. പൊട്ടിപ്പൊളിഞ്ഞ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യപ്രകാരം ആറുമാസം മുമ്പ് പി.ഡബ്ല്യു.ഡി. തുടങ്ങിയ പണി ഇപ്പോഴാണ് അവസാനിച്ചത്.
ഉദ്ഘാടനത്തിന് മുന്നോടിയായി ബോര്‍ഡ് സ്ഥാപിച്ചപ്പോഴാണ് പപ്പന്‍പിള്ള റോഡ് എന്നതിനു പകരം 'കടമ്പനാട്ട്പള്ളം റോഡ്' എന്നെഴിതിയിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ജയദേവന് പപ്പന് പിള്ളയുടെ മകന് എം.പി. സുഭാഷ് എന്നിവര്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു.
പേരുമാറ്റം നടക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ് അറിയിച്ചതോടെ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെത്തി ഫലകം തത്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. പപ്പന് പിള്ളയുടെ പേരിലുള്ള പഴയ ബോര്‍ഡ് നവീകരിച്ചാല്‍ മാത്രം മതിയെന്ന നിലപാടിലാണ് നാട്ടുകാര്‍.