തെരുവുനായ് വിമുക്ത കേരളത്തിനായി വിദ്യാര്‍ത്ഥിനികളും
Posted on: 15 Sep 2015
ആലുവ: തെരുവുനായ്ക്കളുടെ ശല്യം ഓരോ ദിവസവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിയില്‍ ആലുവ സെന്റ് സേവ്യേഴ്സ് കോേളജിലെ മുഴുവന്‍ വിദ്യാര്‍ഥിനികളും പങ്കാളികളായി. ജനസേവ ശിശുഭവന്റെയും ആലുവ സെന്റ് സേവ്യേഴ്സ് കോേളജിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒപ്പുശേഖരണം സിനിമാതാരവും ജനസേവ ശിശുഭവന് രക്ഷാധികാരിയുമായ ക്യാപ്റ്റന്‍ രാജു ഉദ്ഘാടനം ചെയ്തു.
ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അദ്ധ്യക്ഷത വഹിച്ചു. ജനസേവ ലീഗല്‍ അഡ്വൈസര്‍ അഡ്വ. ചാര്‍ളി പോള്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. സെന്റ്് സേവ്യേഴ്സ് കോളജ് പ്രിന്‍സിപ്പല്‍ സി. റീത്താമ്മ, ഫാ. ലൂക്കോസ് കുന്നത്തൂര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. രശ്മി വര്‍ഗീസ്, ജനസേവ കണ്‍വീനര്‍ ജോബി തോമസ് എന്നിവര്‍ സംസാരിച്ചു.
തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് എത്രയും വേഗം മാറ്റി പാര്‍പ്പിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പത്ത് ലക്ഷം വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഭീമഹര്‍ജി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് സെന്റ് സേവ്യേഴ്സ് കോേളജില്‍ ചടങ്ങ് സംഘടിപ്പിച്ചത്.