ബ്ലാക്ക്‌മെയില്‍ കേസ്; യുവതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ്‌

Posted on: 15 Sep 2015വൈറ്റില: യുവാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണംതട്ടിയ കേസില്‍ ഉള്‍പ്പെട്ട സിനിമാ നടിയും ഇവരുടെ സുഹൃത്തായ യുവതിയും ഉടന്‍ പിടിയിലാകുമെന്ന് പോലീസ്. മുളന്തുരുത്തി സ്വദേശിനിയും തമിഴ് നടിയുമായ യുവതിക്കായി തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഇവര്‍ കൊച്ചിയിലെ ഫ്‌ലാറ്റിലുള്ളതായി പോലീസിന് വിവരം ലഭിച്ചു. കേസിലുള്‍പ്പെട്ട ഇവരുടെ സുഹൃത്തായ ഐടി മേഖലയിലെ യുവതി കൊച്ചിയില്‍ത്തന്നെയുള്ളതായും പോലീസ് പറഞ്ഞു.
ആലുവയിലെ കുപ്രസിദ്ധ ഗുണ്ട അംജിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ ഉപയോഗിച്ച് യുവാക്കളെ വലയിലാക്കിയിരുന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്, ചാറ്റിങ്ങിലൂടെയാണ് യുവാക്കളെ സംഘം വലയിലാക്കിയിരുന്നത്.
ഭരണകക്ഷിയിലെ പോഷക സംഘടനയുടെ സംസ്ഥാന ചുമതലയുള്ള രണ്ട് യുവ നേതാക്കളും കൊച്ചിയിലെ ഒരു വ്യവസായ പ്രമുഖന്റെ മകനും കേസില്‍ ഉള്‍പ്പെട്ടതാണ് സംഘം പിടിയിലാകാന്‍ കാരണം.
മൂവരേയും ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ സംഘം കൈവശപ്പെടുത്തി. വീണ്ടും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയപ്പോഴാണ് മൂവരും ചേര്‍ന്ന് ആഭ്യന്തരവകുപ്പിലെ ഇവരുടെ ബന്ധമുപയോഗിച്ച് അംജിതിനെ വലയിലാക്കിയത്. എന്നാല്‍, കൊല്ലം സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി 7 ലക്ഷം രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് അംജിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം കോടതിയില്‍ ഹാജരാക്കേണ്ടി വന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്ന് മരട് പോലീസ് അറിയിച്ചു. എന്നാല്‍, ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ പന്ത്രണ്ട് സ്റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസുകള്‍ നിലവിലുണ്ട്.
അഞ്ച് സിം കാര്‍ഡുകളാണ് കേസിലുള്‍പ്പെട്ട സിനിമാനടിയുള്‍പ്പെടെ ഉപയോഗിക്കുന്നത്. എന്നാല്‍, ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമെ ഒരുസമയം ഉപയോഗിക്കാറുള്ളു. അതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് യുവതികള്‍ കൊച്ചിയില്‍ ഉള്ളതായി വിവരം ലഭിച്ചത്.
സംഭവത്തില്‍ നിരവധി പേര്‍ ഇരകളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, മാനഹാനിയോര്‍ത്ത് പണം നഷ്ടപ്പെട്ടെങ്കിലും ഇരകളാരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാത്തതും പോലീസിന് തലവേദനയായിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മൂന്ന് ദിവസം നിരീക്ഷിച്ചതിന് ശേഷമാണ് സംസ്ഥാനാന്തര ബന്ധമുള്ള കുപ്രസിദ്ധ ഗുണ്ടയായ അംജിതിനെ പോലീസ് വലയിലാക്കിയത്.
മേഖലാ ഐ.ജി എം.ആര്‍. അജിത്കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ദിനേശ്, ഡി.സി.പി. ഹരിശങ്കര്‍, തൃക്കാക്കര എ.സി. ബിജു അലക്‌സാണ്ടര്‍, മരട് എസ്.ഐ പി.ആര്‍. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അംജിതിനെ കുടുക്കിയ ശേഷമുള്ള അന്വേഷണങ്ങളും മറ്റ് നടപടികളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
കേസില്‍ സമൂഹത്തിലെ ഉന്നത രാഷ്ട്രീയ, വ്യവസായ മേഖലയിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ആദ്യംകാണിച്ച താത്പര്യം ആഭ്യന്തരവകുപ്പിന് ഇപ്പോള്‍ ഇല്ലെന്നും പോലീസിലെതന്നെ ഒരുവിഭാഗം വെളിപ്പെടുത്തുന്നു.

More Citizen News - Ernakulam