പ്രതിരോധ മരുന്നില്ല; സൗജന്യ ചികിത്സ വാഗ്ദാനം മാത്രം
Posted on: 15 Sep 2015
കോതമംഗലം: തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് എത്തുന്ന രോഗികള്‍ക്ക് കുത്തിവയ്ക്കാനുള്ള പ്രതിരോധ മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികള്‍ക്ക് സാധാരണ മുറിവില്‍ പുരട്ടുന്ന മരുന്നും പ്ലാസ്റ്ററുമിട്ട് മടക്കിവിടുകയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്രയും ദിവസമായിട്ടും മരുന്ന് എത്തിക്കാത്തത് ആരോഗ്യ വകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. തൃക്കാരിയൂര്‍ സ്വദേശിനി വിജയകുമാരിയെ നായ കടിച്ച് ചികിത്സിക്കാന്‍ കോതമംഗലം താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലൊന്നും അന്വേഷിച്ചപ്പോള്‍ മരുന്നില്ലായെന്ന മറുപടിയാണ് കിട്ടിയത്.
നായ കടിച്ച് ആശുപത്രിയില്‍ എത്തിയാല്‍ ആദ്യം അലര്‍ജി ഉണ്ടോ എന്ന് പരിശോധിക്കാനുള്ള ഇക്യുലാബ് എന്ന മരുന്നാണ് കുത്തിവയ്ക്കുന്നത്. ഈ മരുന്ന് ചെല്ലുമ്പോള്‍ രോഗിക്ക് എന്തെങ്കിലും അലര്‍ജിയുണ്ടെങ്കില്‍ 12,000 രൂപയുടെ കുത്തിവെപ്പ് മരുന്നാണ് നല്‍കുന്നത്. അലര്‍ജിയുണ്ടോ എന്ന് അറിയാനുള്ള ടെസ്റ്റ് ഡോസ് മരുന്നിന് 1200 രൂപയാണ് വില. സാധാരണ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ മരുന്ന് മാത്രമാണ് അപൂര്‍വമായി എത്തിയിരുന്നത്. ഇപ്പോള്‍ അതും ഇല്ലാത്ത സ്ഥിതിയിലാണ്.
പേവിഷ ബാധയ്ക്കുള്ള 12,000 രൂപയുടെ മരുന്ന് പുറമേ നിന്ന് രോഗി തന്നെ വാങ്ങണം. നായയുടെ കടിയേറ്റ് എത്തുന്ന പാവപ്പെട്ട രോഗികള്‍ ഇത്രയും രൂപ നല്കി എങ്ങനെ കുത്തിവെപ്പ് മരുന്ന് വാങ്ങും. തൃക്കാരിയൂരില്‍ നായയുടെ കടിയേറ്റ വീട്ടമ്മയ്ക്ക് ചൊവ്വാഴ്ച രാവിലെ 8 ന് എത്തിയാല്‍ അലര്‍ജി ടെസ്റ്റ് ഡോസ് മരുന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് ലഭ്യമാക്കാമെന്നാണ് ബന്ധുക്കള്‍ക്ക് ആശുപത്രി അധികാരികളില്‍ നിന്ന് മറുപടി കിട്ടിയത്.
നായ കടിയേറ്റ് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് എല്ലാവിധ സൗജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും വാഗ്ദാനമല്ലാതെ മരുന്ന് ഒരിടത്തും കിട്ടാനില്ലെന്നതാണ് സ്ഥിതി.