കടുങ്ങല്ലൂരില്‍ പുറമ്പോക്കുകളില്‍ കൈയേറ്റം വ്യാപകം

Posted on: 15 Sep 2015കടുങ്ങല്ലൂര്‍: കിടക്കാന്‍ സ്വന്തമായി ഒരിടമില്ലാത്ത നൂറു കണക്കിന് ആളുകളുള്ള കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് പുറമ്പോക്ക് ഭൂമി വെറുതെ കിടക്കുന്നു. പഞ്ചായത്തിന്റെ അശ്രദ്ധ മൂലം പുറമ്പോക്കിന്റെ വലിയൊരു ഭാഗം കൈയേറ്റക്കാരുടെ പിടിയിലാണ്.
ഇതെല്ലാം തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് കൈമാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ പരപ്പ്, കൈന്റിക്കര, കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുറമ്പോക്കുള്ളത്. ഇതെല്ലാം തിരിച്ചുപിടിക്കാന്‍ 2007-ല്‍ അന്നത്തെ ഭരണസമിതി നടപടികള്‍ തുടങ്ങിയതാണ്. മുല്ലേപ്പിള്ളി റോഡിന് സമീപം പുറമ്പോക്കും അതിലുള്ള തോടും കുളവുമെല്ലാം താലൂക്ക് സര്‍വേയര്‍ അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല.
ഈ പ്രദേശത്തെ വെള്ളക്കെട്ടില്‍ നിന്നും ജലക്ഷാമത്തില്‍ നിന്നും രക്ഷിക്കുന്നത് ഈ കുളവും തോടുമാണ്. കിഴക്കേ കടുങ്ങല്ലൂര്‍ പ്രദേശത്തെ മഴവെള്ളം ഈ തോട്ടിലൂടെയൊഴുകി പെരുമിറ്റത്ത് കുളത്തിലെത്തിച്ചേരും. കുളം നിറയുമ്പോള്‍ വെള്ളം പെരിയാറിലേക്കൊഴുകിപ്പോകും. വേനല്‍ക്കാലത്ത് ഇറിഗേഷന്‍ കനാലില്‍ നിന്നുള്ള വെള്ളം ഈ തോട്ടിലൂടെ ഒഴുകി കുളം നിറഞ്ഞുകിടക്കുന്നതിനാല്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടാറുമില്ല.
എന്നാല്‍ ഇപ്പോള്‍ തോടും കുളവുമെല്ലാം വീതികുറഞ്ഞ് ചെറിയ കനാല്‍ രൂപത്തില്‍ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം തോട്ടിലെ മാലിന്യം നീക്കാന്‍ പഞ്ചായത്ത് യന്ത്രമിറക്കിയപ്പോള്‍ തോടിന്റെ വീതി കുറവായതിനാല്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
ഇതെല്ലാം പുനഃസ്ഥാപിക്കാനായിരുന്നു നേരത്തെ സര്‍വേ നടത്തിയത്. തിരിച്ചുപിടിക്കുന്ന സ്ഥലം പഞ്ചായത്തിന്റെത്തന്നെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുമായിരുന്നു തീരുമാനം. അല്ലെങ്കില്‍ സീറോ ലാന്‍ഡ് പദ്ധതി പ്രകാരം അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഭൂരഹിതര്‍ക്ക് കൈമാറാം. ഭരണകര്‍ത്താക്കളുടെ അലംഭാവം കൊണ്ടും രാഷ്ട്രീയ സമ്മര്‍ദംകൊണ്ടും ഇതൊന്നും നടപ്പാകുന്നില്ല.

More Citizen News - Ernakulam