'സിറ്റി സര്‍വീസിന്റെ സമയക്രമം മാറ്റണം' തിരക്കും കുരുക്കും: കൊച്ചി നഗരത്തിലെ ബസ് സമയം ശാസ്ത്രീയമല്ലെന്ന് റിപ്പോര്‍ട്ട്

Posted on: 15 Sep 2015കൊച്ചി: കൊച്ചി നഗരത്തില്‍ ബസ്സുകളുടെ സമയക്രമം പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്. ബസ്സുകളുടെ എണ്ണം, വാഹനപ്പെരുപ്പം, ഗതാഗതക്കുരുക്ക്, യാത്രക്കാരുടെ എണ്ണം, വീതിയില്ലായ്മയടക്കം റോഡിന്റെ അവസ്ഥ എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് സമയക്രമം നിശ്ചയിക്കേണ്ടത്.
നിലവില്‍ ഒരു കിലോമീറ്റര്‍ മൂന്ന് മിനിറ്റ് കൊണ്ട് യാത്ര ചെയ്യണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. 570 സിറ്റി ബസ്സുകളും 200 കെ.എസ്.ആര്‍.ടി.സി. ബസ്സുകളും നഗരത്തിലൂടെ പോകുന്നുണ്ട്. സമയക്രമം അശാസ്ത്രീയമായതാണ് ബസ്സുകളുടെ മത്സരയോട്ടത്തിന്റെ പ്രധാന കാരണം. കൊച്ചിയില്‍ ബസ്സിന്റെ മത്സരയോട്ടം ചോദ്യം ചെയ്ത യാത്രക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന വാര്‍ത്ത ഹൈക്കോടതി സ്വമേധയാ ഹര്‍ജിയായി സ്വീകരിച്ചിരുന്നു. അതില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ട അഡ്വ. കാളീശ്വരം രാജിന്റേതാണ് റിപ്പോര്‍ട്ട്. ഇത് പിന്നീട് കോടതിയുടെ പരിഗണനയ്ക്ക് വരും.
ബസ് പെര്‍മിറ്റ് കാലാവധി തീരുമ്പോള്‍ സ്വാഭാവികമായി പുതുക്കുന്ന രീതി മാറ്റണം. അതത് കാലയളവിലെ ബന്ധപ്പെട്ട ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടത്. വൈകാതെ മെട്രോ റെയില്‍ വരുമെന്നതും പരിഗണിക്കണം. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡെന്ന 2011-ലെ ഗവ. ഉത്തരവ് നടപ്പാക്കണം.
ബസ്സുകളുടെ മത്സര ഓട്ടം സംബന്ധിച്ച പരാതി പരിഗണിക്കാന്‍ ഫോണ്‍ നമ്പര്‍ നല്‍കി സമിതി വേണം. പരാതിയില്‍ നാലോ എട്ടോ മണിക്കൂറിനകം നടപടി വേണം. നഗര ഗതാഗതം സംബന്ധിച്ച പരിഷ്‌കരണങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സ്ഥിരം മേല്‍നോട്ട സമിതി വേണം. കൊച്ചിയില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ മറ്റ് പ്രധാന നഗരങ്ങള്‍ക്കും ബാധകമാക്കാവുന്നതുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

More Citizen News - Ernakulam