സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ എസ്.എഫ്.ഐ. യുടെ ആയുധ ശാലകള്‍- കെ.എസ്.യു പ്രസിഡന്റ്‌

Posted on: 15 Sep 2015കളമശ്ശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലെ ഹോസ്റ്റലുകളില്‍ പലതും എസ്.എഫ്.ഐ. യുടെ ആയുധശാലകളാണെന്ന് കെ.എസ്.യു. പ്രസിഡന്റ് വി.എസ്. ജോയി. എസ്.എഫ്.ഐ. കാമ്പസ് അക്രമത്തിനെതിരെ കോണ്‍ഗ്രസ്സ് കളമശ്ശേരി ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോയി. എസ്.എഫ്.ഐ. ക്കാരെ ഇത്തരം ഹോസ്റ്റലുകളില്‍ നിന്ന് ഒഴിവാക്കുന്നതിന് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ പോലുള്ള നടപടികള്‍ വേണം.
കൈയൂക്കിന്റെ ബലത്തിലാണ് എസ്.എഫ്.ഐ.ക്കാര്‍ കാമ്പസ് കീഴടക്കുന്നത്. ചില കാമ്പസുകളിലെ അധ്യാപകര്‍ എസ്.എഫ്.ഐ. ക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്നു. അവര്‍ എസ്.എഫ്.ഐ. യുടെ സംരക്ഷകരായി മാറുന്നു. ഇവരെ തിരഞ്ഞുപിടിച്ച് കൈകാര്യം ചെയ്യുമെന്നും ജോയി പറഞ്ഞു. അറിവ് ശാലകളെ എസ്.എഫ്.ഐ. അറവ് ശാലകളാക്കുന്നു. എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയം കൊണ്ടാണ് കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കാന്‍ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി ഗവ.പോളി ടെക്‌നിക് കോളേജിന് മുന്നില്‍ നടത്തിയ സംഗമത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം വീരാക്കുട്ടി അധ്യക്ഷനായി. മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടന്‍, എ.കെ. നിഷാദ്, ദീപക് ജോയി, റഷീദ് താനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam