ഫോര്‍ട്ടുകൊച്ചി ബോട്ടുദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം

Posted on: 15 Sep 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടുദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും സഗരസഭയും സര്‍ക്കാറും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചും നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബിന്റെയും സി.പി.ഐ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സി.എ. ഷക്കീറിന്റെയും അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി.
എല്‍.ഡി.എഫ്. നേതൃത്വത്തില്‍ നഗരസഭാ ആസ്ഥാനത്തിന് മുന്നില്‍ ആരംഭിച്ച സമരം എല്‍.ഡി.എഫ്. സംസ്ഥാന കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു അധ്യക്ഷനായി. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. ദിനേശ്മണി, എസ്. ശര്‍മ എം.എല്‍.എ., മുന്‍ എം.പി. ഡോ. സെബാസ്റ്റ്യന്‍ പോള്‍. എല്‍.ഡി.എഫ്. നേതാക്കളായ കെ.എന്‍. സുഗതന്‍, ജോര്‍ജ് എടപ്പരത്തി, സാബു ജോര്‍ജ്, ടി.പി. അബ്ദുള്‍ അസ്സീസ്, അഡ്വ. ടി.വി. വര്‍ഗീസ്, ചാള്‍സ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് എസ്.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഷിപ്പ്യാര്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍, കോര്‍പ്പറേഷന്‍ തൊഴിലാളി യൂണിയന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി.
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എന്‍. മോഹനന്‍, കെ. ചന്ദ്രന്‍പിള്ള, സംസ്ഥാന കമ്മിറ്റി ക്ഷണിതാവ് എം.എം. ലോറന്‍സ് തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Ernakulam