വിഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് എല്ലാ ജില്ലകളിലും സഹായവിതരണം സംഘടിപ്പിക്കും: മന്ത്രി അടൂര്‍ പ്രകാശ്‌

Posted on: 15 Sep 2015
കൊച്ചി:
വിഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടിയുള്ള സഹായ വിതരണ പരിപാടി സംസ്ഥാന തലത്തില്‍ എല്ലാ ജില്ലകളിലും നടപ്പാക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എറണാകുളം കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ ഭരണകൂടവും സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് എന്ന സന്നദ്ധ സംഘടനയും ചേര്‍ന്ന് സംഘടിപ്പിച്ച 'ജ്യോതി 2015 ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക്' ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ല ഭരണകൂടം ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ഈ പരിപാടി മറ്റ് ജില്ലകളില്‍ നടപ്പാക്കുന്നതിനായി ഈ മാസം 17-ന് തിരുവനന്തപുരത്ത് നടക്കുന്ന കളക്ടര്‍മാരുടെ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദര്‍ശ് സ്‌കൂളിലെ വിദ്യാര്‍ഥിയായ അഞ്ജന്‍ സതീഷ് മമ്മൂട്ടിയുടെ കാര്‍ട്ടൂണ്‍ ചിത്രം തത്സമയം വരച്ചത് സദസ്സിന്റെ കരഘോഷം പിടിച്ചുപറ്റി.
പാരാലിമ്പിക്‌സ് ഒളിമ്പിക്‌സില്‍ കേരളത്തില്‍ നിന്ന് രണ്ട് സ്വര്‍ണം നേടിയ ബിന്‍സി ജോണിന് മമ്മൂട്ടി ഉപഹാരം നല്‍കി. ക്യാമ്പിന്റെ തുടക്കമെന്ന നിലയില്‍ പീഡിയാട്രിക് വീല്‍ചെയര്‍ ആദര്‍ശ് സ്‌കൂളിലെ ദേശികയ്ക്കും അഖിനയ്ക്കും മമ്മൂട്ടി നല്‍കി. സെറിബ്രല്‍ പാള്‍സി കുട്ടികള്‍ക്കുള്ള വീല്‍ചെയര്‍ ആദര്‍ശിലെ ഭവാന്‍ ജോഷിക്കും ഐ ഹാന്‍ഡ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് മാത്യു നല്‍കി. ഹൈബി ഈഡന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ., വി.പി. സജീന്ദ്രന്‍ എം.എല്‍.എ., തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, സബ് കളക്ടര്‍ എസ്. സുഹാസ്, അസിസ്റ്റന്റ് കളക്ടര്‍ എയ്ഞ്ചല്‍ ഭാട്ടി, എ.ഡി.എം. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് യൂണിയന്‍ ബാങ്കും കൊച്ചിന്‍ ഷിപ്പ്യാര്‍ഡുമാണ്.


More Citizen News - Ernakulam