കാരുണ്യം തുളുമ്പിയ സ്‌നേഹസ്​പര്‍ശം

Posted on: 15 Sep 2015കൊച്ചി: റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സൂചിപ്പിച്ചതുപോലെ ഇതുപോലെ കാരുണ്യം നിറഞ്ഞ ഒരു സംഗമം സംസ്ഥാനത്ത് ആദ്യമായിരിക്കാം... അതാണ് തിങ്കളാഴ്ച ജില്ലാ കളക്ടറേറ്റ് അങ്കണത്തില്‍ അരങ്ങേറിയ 'ജ്യോതി ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക്' എന്നു പേരിട്ടുകൊണ്ട് വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായി നടത്തിയ സഹായ ക്യാമ്പ്.
സംഘാടകരെ പ്രതീക്ഷികളെ തെറ്റിച്ചുകൊണ്ട് കളക്ടറേറ്റ് അങ്കണത്തിലെ വിശാലമായ പന്തല്‍ നിറഞ്ഞുകവിഞ്ഞ് കുട്ടികളും മാതാപിതാക്കളും നിരന്നു. വിവിധ സ്‌പെഷല്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികളെയാണ് പ്രതീക്ഷിച്ചതെങ്കിലും രണ്ടായിരത്തോളം പേര്‍ എത്തി. സാധാരണ കാണുന്ന മുഖങ്ങളല്ല ഇവിടെ കണ്ടത്.
കുഞ്ഞുകുട്ടികള്‍ മുതല്‍ അല്പം മുതിര്‍ന്നവര്‍ വരെയുണ്ടായിരുന്നു. അവര്‍ക്ക് അവരുടേതായ സ്വപ്‌നങ്ങളും പ്രതീക്ഷകളും. വിവിധ സ്‌പെഷല്‍ സ്‌കൂളുകളില്‍ നിന്ന് കുട്ടികളുമായി കന്യാസ്ത്രീകളുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു.
വിവിധ ആനുകൂല്യങ്ങളുടെ വിതരണവും വിഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണവുമാണ് പ്രധാനമായി നടന്നത്. പരിപാടിക്ക് നേതൃത്വം നല്‍കിയ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യവും പരിപാടിയുമായി സഹകരിച്ച സന്നദ്ധ ഏജന്‍സിയായ സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് ചെയര്‍പേഴ്‌സണ്‍ ഡോ. മേരി അനിതയും ഓരോരുത്തരുടെയും അപേക്ഷ കേള്‍ക്കാന്‍ അവസരം നല്‍കി.
രാവിലെ തന്നെ എത്തിയ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഭക്ഷണവും വെള്ളവും ഒക്കെ ഏര്‍പ്പാടാക്കിയിരുന്നു. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ക്യാമ്പ് സര്‍ട്ടിഫൈ ചെയ്ത് വിടുന്നവരെ കളക്ടറുടെ സമീപത്തേക്ക് വിടുകയായിരുന്നു. സഹായത്തിനായി കളക്ടറേറ്റിലെ ജീവനക്കാര്‍ എ.ഡി.എം പത്മകുമാറിന്റെ നേതൃത്വത്തില്‍ രംഗത്തുണ്ടായിരുന്നു. വൈകീട്ട് 5.30 ഓടെ കളക്ടറുടെ മുന്നിലെ ക്യൂ തീര്‍ന്നുവെങ്കിലും മറ്റു കൗണ്ടറുകള്‍ക്ക് മുന്നില്‍ മാതാപിതാക്കളുടെ നിര തുടരുന്നുണ്ടായിരുന്നു.

More Citizen News - Ernakulam