ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് കോടതി

Posted on: 15 Sep 2015കൊച്ചി: ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി രണ്ട് ദിവസത്തിനകം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ സമരം അവശ്യസേവന നിയമപ്രകാരം നിരോധിക്കാന്‍ നായരമ്പലം സ്വദേശിനി റോസി അറയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന്റെ വിശദീകരണം തേടിയത്.
സപ്തംബര്‍ 9 മുതല്‍ സര്‍ക്കാര്‍ ആസ്​പത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തിലായതിനാല്‍ സാധാരണക്കാരായ രോഗികള്‍ വിഷമിക്കുന്നുവെന്ന് ഹര്‍ജിക്കാരി ബോധിപ്പിച്ചു. ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് വിലക്കിക്കൊണ്ട് 2007 ജനവരി 11ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ട്. സുപ്രീം കോടതിയുടെയും സമാന ഉത്തരവുണ്ട്. എന്നാല്‍, അവശ്യ സര്‍വീസ് നിയമപ്രകാരം സമരം നിരോധിക്കാനോ ജനങ്ങളുടെ വിഷമത നീക്കാനോ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
ഡോക്ടര്‍മാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കര്‍ശന നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാറിനു പുറമെ ആരോഗ്യ സര്‍വീസ് ഡയറക്ടറും ഗവ. ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും ഹര്‍ജിയില്‍ എതിര്‍കക്ഷികളാണ്.

More Citizen News - Ernakulam