ലിഫ്റ്റ് ഇറിഗേഷന്‍ നോക്കുകുത്തി; ചേരാനല്ലൂരില്‍ കൃഷി നശിക്കുന്നു

Posted on: 15 Sep 2015പെരുമ്പാവൂര്‍: ജലക്ഷാമം മൂലം കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂര്‍ പ്രദേശത്ത് 1000 ഏക്കര്‍ സ്ഥലത്തെ കൃഷി നശിക്കുന്നു.
മഴക്കാലം കഴിഞ്ഞ് മോട്ടോറുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനം തുടങ്ങാത്തതാണ് ജലക്ഷാമത്തിന് കാരണം.
ചേരാനല്ലൂര്‍, മങ്കുഴി, തോട്ടുവ എന്നിവിടങ്ങളിലെ കതിരിടാറായ നെല്‍പ്പാടങ്ങള്‍ ഉണങ്ങി വരണ്ടു. വെള്ളുക്കുഴി, ഇടപ്പന, നെട്ടോറ, അമേപ്പാടം, പാങ്ങോല, മങ്കുഴി, പുലിപ്പാടം എന്നീ പാടശേഖരങ്ങളാണ് കനത്ത വരള്‍ച്ചയിലായിരിക്കുന്നത്.
മഴക്കാലം കഴിയുമ്പോള്‍ പെരിയാറിന്റെ കരയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ് ഹൗസിലെ മോട്ടോറുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പമ്പിങ് തുടങ്ങാറാണ് പതിവ്.
എന്നാല്‍ ഇക്കൊല്ലം മൈനര്‍ ഇറിഗേഷന്റെ ഭാഗത്തുനിന്ന് ഇതിനുള്ള നടപടിയൊന്നും ഉണ്ടായിട്ടില്ല. ജല വിതരണ കനാലുകളും പലയിടങ്ങളിലും കാടു കയറിയും ഇടിഞ്ഞും നശിക്കുകയാണ്. കനാലിന്റെ ഭാഗമായ നാനാഴി, നീര്‍പ്പാലങ്ങളും ശോച്യാവസ്ഥയിലാണ്. എല്ലാക്കൊല്ലവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് കനാലിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാറുണ്ടെങ്കിലും ഇക്കൊല്ലം അതും ഉണ്ടായിട്ടില്ല.
1950ല്‍ പ്രവര്‍ത്തനം തുടങ്ങിയ ചേരാനല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി മാതൃകാപദ്ധതിയായി മുന്‍പ് തിരഞ്ഞെടുക്കപ്പെട്ടതാണ്. 75 എച്ച്.പി.യുടെ മൂന്ന് മോട്ടോറുകളാണ് പമ്പ് ഹൗസിലുള്ളത്. ഈ പ്രദേശത്തെ കുടിവെള്ളലഭ്യതയും പദ്ധതിയെ ആശ്രയിച്ചാണ്. മോട്ടോറുകളുടേയും കനാലിന്റേയും അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജലവിതരണം ഉടന്‍ ആരംഭിക്കണമെന്ന് പാടശേഖര സമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ദേവച്ചന്‍ പടയാട്ടില്‍ അധ്യക്ഷത വഹിച്ചു.


More Citizen News - Ernakulam