കാനംമലയിലെ പാറപൊട്ടിക്കല്‍ വീടുകള്‍ക്ക് ചോര്‍ച്ചയും ഭിത്തികള്‍ക്ക് വിള്ളലും.

Posted on: 15 Sep 2015കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിലെ ഇല്ലിക്കല്‍നിരപ്പേല്‍ കാനംമല ഭാഗത്തെ പാറപൊട്ടിക്കല്‍ മൂലം വീടുകള്‍ക്ക് ചോര്‍ച്ചയും ഭിത്തികള്‍ക്ക് വിള്ളലും ഉണ്ടാകുന്നതായി പരാതിയുയര്‍ന്നു.
ഇ.എം സാജു ഇല്ലിക്കനിരപ്പേല്‍, എം.കെ.അജി. മലയില്‍, എന്നിവരുടെ വീടുകള്‍ക്കാണ് തകരാറുകള്‍ ഉണ്ടായിരിക്കുന്നത്. നിരപ്പേല്‍ എന്‍.എന്‍. കൃഷ്ണന്‍കുട്ടി, അമ്പാട്ട് എ.കെ. മോഹനന്‍, കല്ലനാനിയില്‍ ജോണി തോമസ്, ഏലിയാസ് തോമസ്, എന്നിവരുടെ വീടുകള്‍ക്കും വിള്ളല്‍ സംഭവിച്ചു.
വീടുകള്‍ക്കുണ്ടായ വിള്ളലുകള്‍ മാറ്റാന്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. ഇല്ലിക്കല്‍ നിരപ്പില്‍ സാജുവിന്റെ വീടിനാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത് .
കോടതി ഉത്തരവ് പ്രകാരമാണ് പാറപൊട്ടിക്കല്‍ പുനരാരംഭിച്ചതെന്ന് പാറമടയുടമ അന്വേഷണത്തിനെത്തിയ പോലീസ് സംഘത്തിനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സപ്തംബര്‍ 9 ന് മുവാറ്റുപുഴ ആര്‍.ഡി.ഓ. പാറമടയുടെ പ്രവര്‍ത്തനം ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നുമുള്ള ലൈസന്‍സ് ലഭിച്ചതിനുശേഷം മാത്രമേ പുനരാരംഭിക്കാവൂ എന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് പാലക്കുഴ വില്ലേജ് ആഫീസറോട് നിര്‍ദ്ദേശിച്ചിരുന്നു . ആര്‍.ഐ.ഒ. യുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാലക്കുഴ വില്ലേജ് ഓഫീസര്‍ നിരോധന ഉത്തരവ് പതിപ്പിക്കുകയും ചെയ്തു. പാറപൊട്ടിക്കാനുള്ള സാഹചര്യം ഇവിടെയില്ലയെന്നുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പോലീസ് -റവന്യു അധികൃതര്‍ക്ക് പരാതി നല്കിയത്.
കരിങ്കല്‍ ഖനനം നടക്കുന്ന സ്ഥലം പുറമ്പോക്ക് വസ്തു കൂടി ഉള്‍പ്പെട്ടിട്ടുള്ളതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. താലൂക്ക് സര്‍വെയര്‍ തയ്യാറാക്കിയ സര്‍വെ സ്‌കെച്ചിന്റെ പകര്‍പ്പും നാട്ടുകാര്‍ പരാതികളോടൊപ്പം നല്കിയിരുന്നു. പാറമടയുടെ പ്രവര്‍ത്തനത്തിന് പാലക്കുഴ പഞ്ചായത്ത് ലൈസന്‍സ് നല്കിയിട്ടില്ല എന്ന് സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്. മൂന്നാം വാര്‍ഡ് ഗ്രാമസഭയും കരിങ്കല്‍ ഖനനത്തിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു.
ജനങ്ങള്‍ക്ക് ദോഷകരമായ രീതിയില്‍ പാറമടയുടെ പ്രവര്‍ത്തനം നടത്തുന്നതുകൊണ്ടാണ് ജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതെന്ന് പഞ്ചായത്തംഗം ടി.ജി.സോമന്‍ പറഞ്ഞു.


More Citizen News - Ernakulam