ബൈക്കിലെത്തി മാല പിടിച്ചു പറിക്കാന്‍ ശ്രമം
Posted on: 14 Sep 2015
കാക്കനാട്: പട്ടാപ്പകല്‍ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ രണ്ട് പവന് മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. തൃക്കാക്കര കാര്‍ഡിനല്‍ സ്കൂളിനു സമീപം ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയവരാണ് മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചത്. തൃക്കാക്കര തിരുവോണം നഗറില്‍ 'പ്രണവം' വീട്ടില്‍ ശാന്തദേവി(61)യുടെ മാലയാണ് കവരാന്‍ നോക്കിയത്. ഇവര്‍ ക്ഷേത്രത്തിന് സമീപം ബസ്സിറങ്ങി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരിച്ച് വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം. മാല നഷ്ടപ്പെട്ടില്ലെങ്കിലും പിടിവലിയില്‍ നിലത്തുവീണ ശാന്തദേവിയുടെ ഇടതുകൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
വഴി ചോദിക്കാനെന്ന വ്യാജേന എത്തി കഴിഞ്ഞ ദിവസം വാഴക്കാല ചാത്തന്‍വേലി പാടത്ത് വീട്ടമ്മയുടെ രണ്ട് പവന്റെ മാലയും പൊട്ടിച്ചിരുന്നു.