സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Posted on: 14 Sep 2015



വൈറ്റില: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആസ്​പത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ തലച്ചോറിലെ രക്തസ്രാവം അതേ നിലയില്‍ തുടരുന്നതിനാല്‍ 24 മണിക്കൂറിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂറോ സര്‍ജന്‍ ഡോ. സുധീഷ് കരുണാകരന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ. തലച്ചോറിലെ രക്തസ്രാവത്തിന്റെ നിലയറിയുന്നതിനായി സി.ടി. സ്‌കാന്‍ ഒബ്‌സര്‍വേഷനിലാണിപ്പോഴും സിദ്ധാര്‍ത്ഥ്.
അന്തരിച്ച സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്.
തൈക്കൂടം കപ്പേളയ്ക്ക് സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ മതിലില്‍ സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം.
കൈക്കും കാലിനും തലയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയോടെ തലയുടെ സ്‌കാന്‍ ചെയ്ത ശേഷമേ നില വ്യക്തമാക്കാനാകൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അപകടത്തില്‍ കാറിലെ എയര്‍ബാഗ് പൊട്ടിപ്പോയതാണ് പരിക്ക് ഗുരുതരമാക്കാനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. അപകട വിവരമറിഞ്ഞ് സിനിമ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ഇപ്പോഴും ആസ്​പത്രിയില്‍ എത്തുന്നുണ്ട്.

More Citizen News - Ernakulam