ബസ് കാത്തിരിപ്പു കേന്ദ്രത്തെ മറച്ച് ബോര്‍ഡും ഫലകങ്ങളും
Posted on: 14 Sep 2015
മുളന്തുരുത്തി: ബസ് യാത്രക്കാര്‍ക്ക് കാത്തിരിപ്പു കേന്ദ്രങ്ങളില്ലെന്ന പരാതി ഉയരുമ്പോള്‍ നിലവിലുള്ള ചുരുക്കം കാത്തിരിപ്പു കേന്ദ്രങ്ങളെ മറച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളും മണ്ഡപങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊതു വാഹനങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരാണ് പലപ്പോഴും അകലെനിന്ന് വരുന്ന ബസ് കാണാനാകാതെ തൊട്ടടുത്തു വരുമ്പോള്‍ തിരക്കിട്ട് ഓടിക്കയറി അപകടത്തില്‍ പെടുന്നത്.
മുളന്തുരുത്തി പള്ളിത്താഴത്തു നിന്ന് നടക്കാവ് വഴി എറണാകുളത്തേക്ക് ബസ് കാത്ത് നില്‍ക്കുന്നവരും പേപ്പതിയിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ നില്ക്കുന്നവരുമാണ് ബോര്‍ഡും മറ്റും മൂലം കുഴങ്ങുന്നത്.
പേപ്പതിയില്‍ എട്ടടിയിലേറെ ഉയരവും ഒരു മീറ്ററോളം വീതിയുമുള്ള ബോര്‍ഡും രണ്ട് സ്മൃതിമണ്ഡപങ്ങളും ഉള്ളതിനാല്‍ യാതൊരു കാരണവശാലും വട്ടപ്പാറ, വെള്ളൂര്‍ ഭാഗങ്ങളിലേക്ക് പോകാനുള്ളവര്‍ക്ക് സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ മാത്രമേ ബസ് കാണാനാകൂ.
മുളന്തുരുത്തിയില്‍ വൈദ്യുതി പോസ്റ്റുകളിലും മറ്റും രാഷ്ട്രീയ പാര്‍ട്ടികളും മറ്റു പരസ്യക്കാരും ബോര്‍ഡുകളും ബാനറുകളും കെട്ടിവയ്ക്കുന്നതിനാല് റോഡിലേക്കിറങ്ങി ബസ് നോക്കി നില്‍ക്കേണ്ടി വരുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.