കോതമംഗലത്ത് ഗൃഹോപകരണ സ്ഥാപനത്തില്‍ അഗ്നിബാധ

Posted on: 14 Sep 2015കോതമംഗലം: നഗരത്തില്‍ ഗൃഹോപകരണ വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ. ലക്ഷങ്ങളുടെ നഷ്ടം. കോതമംഗലം പള്ളിത്താഴത്ത് പ്രവര്‍ത്തിക്കുന്ന കുരുവിത്തടം ഏജന്‍സീസ് സ്ഥാപനമാണ് തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നത്. 65 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. അഗ്നിശമന സേനയെത്തി തീയണച്ചതുകൊണ്ട് സമീപ കടകളിലേക്ക് തീ പടരാതിരുന്നു. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് കടയ്ക്ക് തീപിടിച്ചതായി കണ്ടത്. ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. സെയില്‍സ്മാന്‍ അരുണ്‍കുമാര്‍ കട തുറക്കാന്‍ എത്തിയപ്പോള്‍ കടയുടെ മേല്‍ഭാഗത്ത് പുക കണ്ടു. ഉടന്‍ സമീപ കടകളിലുള്ളവര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. കോതമംഗലം-പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി ഷട്ടറിന്റെ പൂട്ടും ഗ്ലാസും തകര്‍ത്ത് വെള്ളം പമ്പ് ചെയ്ത് മുക്കാല്‍ മണിക്കൂറു കൊണ്ടാണ് തീയണച്ചത്. രണ്ട് നിലയിലായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ഫയര്‍ഫോഴ്‌സ് എത്തി മുന്‍ഭാഗത്തേയും സൈഡിലേയും ഗ്ലാസ് പൊട്ടിച്ചാണ് അകത്ത് കടന്നത്. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ സ്വദേശി മാത്യു ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ജില്ലയില്‍ കുരുവിത്തടം ഗ്രൂപ്പിന് ശാഖകളുണ്ട്. കോതമംഗലം ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി. സുരേഷ് കുമാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം. സജീവ്, അങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ.കെ. സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്.

More Citizen News - Ernakulam