പഴയ ഹൗസ് കണക്ഷന് പൈപ്പുകള്‍ മാറ്റുന്നില്ലേ...?
Posted on: 14 Sep 2015
കാക്കനാട്: ജില്ലാ ആസ്ഥാനമായ തൃക്കാക്കരയില്‍ പുതിയ പൈപ്പ് സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിട്ടി അധികൃതര്‍ക്ക് നല്ല ഉത്സാഹമാണ്. അതിനു വേണ്ടി റോഡുകളെല്ലാം മുറപോലെ കുഴിക്കുകയും ചെയ്യും. എന്നാല്‍, പഴയ ഹൗസ് കണക്ഷനുകളുടേത് ഉള്‍പ്പെടെ തുരുമ്പെടുത്ത് തുടങ്ങിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഈ ഉത്സാഹം കാണിക്കുകയുമില്ല. തൃക്കാക്കരയിലും സമീപ പ്രദേശങ്ങളിലുമെല്ലാം പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ കാരണം ഇതാണ്. കാക്കനാട് പഴയ വിതരണ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുമ്പോഴും പുതിയ പൈപ്പിലേക്ക് ഹൗസ് കണക്ഷന് കൊടുക്കുന്നതിലെ അപാകമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
കാല് നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച ഇരുമ്പ് പൈപ്പുകളെല്ലാം തുരുമ്പെടുത്ത് ഉപയോഗശൂന്യമായ നിലയിലാണ്. പഴയ മെയിന്‍ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനൊപ്പം കണക്ഷന് പൈപ്പുകളും പുതിയത് സ്ഥാപിച്ചാല്‍ മാത്രമേ വെള്ളം ചോര്‍ച്ച കൂടാതെ വിതരണം ചെയ്യാന്‍ സാധിക്കൂ. എന്നാല്‍, പഴയ തുരുമ്പെടുത്ത പൈപ്പ് പുതിയ മെയിന്‍ പൈപ്പിലേക്ക് ഘടിപ്പിക്കുന്നതോടെ ഇത് യോജിക്കാതെ വരും. തുടര്‍ന്ന് ഇവിടെ നിന്നു വെള്ളം ചോര്‍ന്ന് തുടങ്ങും. ഇത്തരത്തില്‍ പുതിയ പൈപ്പ് സ്ഥാപിച്ച ഒട്ടുമിക്കഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനു കാരണം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൃക്കാക്കരയില്‍ പുതുതായി പൈപ്പ് സ്ഥാപിച്ച പല മേഖലകളിലും ഇത്തരത്തില്‍ കണക്ഷന് പൈപ്പുകള്‍ പൊട്ടി ഒഴുകി റോഡും തകര്‍ന്നിട്ടുണ്ട്.
പുതിയ പൈപ്പ് സ്ഥാപിക്കുമ്പോള്‍ തുരുമ്പെടുത്ത പഴയ കണക്ഷന് പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയാല്‍ കരാറുകാര്‍ ഇത് താത്കാലികമായി ക്ലിപ്പ് ഇട്ടും സൈക്കിള്‍ ട്യൂബുകള്‍ ഇട്ട് കെട്ടിയും താത്കാലികമായി ചോര്‍ച്ച അടച്ച് മുങ്ങും. ഏതാനും ദിവസത്തിനകം വീണ്ടും പൊട്ടി വെള്ളം പാഴാകും. ഇത്തരത്തില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നതോടെ ഈ ഭാഗത്തെ റോഡും തകരും. എന്നാല്‍ എത്രമാത്രം പരാതികള്‍ ഉയര്‍ന്നാലും ഇവിടേയ്ക്ക് പിന്നീട് ആരും എത്തുകയില്ല. സഹികെടുന്ന നാട്ടുകാര്‍ സ്വന്തം ചെലവില്‍ ആരെയെങ്കിലും വിളിച്ചുവരുത്തി പൊട്ടിയ പൈപ്പ് നന്നാക്കിയാണ് വെള്ളം കുടിക്കുന്നത്. പുതിയ മെയിന്‍ പൈപ്പ് സ്ഥാപിക്കാന്‍ ഉത്സാഹിക്കുന്നവര്‍ എന്തുകൊണ്ടാണ് ഹൗസ് കണക്ഷനുകളുടെ തുരുമ്പെടുത്ത പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ തയ്യാറാകാത്തതെന്ന ചോദ്യം അവശേഷിക്കുന്നു. പുതിയ മെയിന്‍ പൈപ്പ് സ്ഥാപിക്കുന്നതിനൊപ്പം പഴയ കണക്ഷന് പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതിനു കരാറുണ്ടെങ്കിലും ഇത് ആരും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.