ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഉപകരണ വിതരണം ഇന്ന്
Posted on: 14 Sep 2015
കാക്കനാട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ സഹായത്തിനും ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുമുള്ള ക്യാമ്പ് 'ജ്യോതി ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക്' തിങ്കളാഴ്ച പത്തിന് കളക്ടറേറ്റ് അങ്കണത്തില്‍ നടക്കും. മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പില്‍ നടന് മമ്മൂട്ടി സഹായ ഉപകരണങ്ങളുടെ വിതരണം നിര്‍വഹിക്കും.
സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യവും സെന്റര്‍ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റ് ചെയര്‍പേഴ്സണ്‍ ഡോ. മേരി അനിതയും അറിയിച്ചു.
ജില്ലയിലെ 43 സ്പെഷല്‍ സ്കൂളുകളില്‍ നിന്നുള്ള 960 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്യാമ്പില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കുട്ടികളെ പരിശോധിക്കും. 'ആശ്വാസകിരണ്‍' കൂടാതെ സാമൂഹ്യനീതി വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സഹായങ്ങളുമായി രംഗത്തുണ്ടാകും. 'അക്ഷയ'യുടെയും പഞ്ചായത്ത് വകുപ്പിന്റെയും സേവനം ലഭ്യമാകുമെന്ന് കളക്ടര്‍ അറിയിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ പുതുതായി എത്തുകയാണെങ്കില്‍ അവരെയും രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും. ഈ കുട്ടികള്‍ക്കായുള്ള പ്രത്യേക ഉപകരണങ്ങള്‍ നല്‍കുന്നതിന് കൊച്ചിന് ഷിപ്പ്യാര്ഡും യൂണിയന് ബാങ്കും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ക്യാമ്പില്‍ വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തും. 9ന് രജിസ്ട്രേഷന് ആരംഭിക്കും.