കരുമാല്ലൂര്‍ പാലം പുനര്‍നിര്‍മിക്കണം

Posted on: 14 Sep 2015കരുമാല്ലൂര്‍: ആലുവ - പറവൂര്‍ പ്രധാന റോഡില്‍ ഗതാഗതം ദുഷ്‌കരമാക്കുന്ന കരുമാല്ലൂര്‍ പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. അപകടങ്ങള്‍ക്ക് കാരണമാകുന്ന ഇവിടത്തെ കൊടുംവളവ് നിവര്‍ത്തുകയും വേണം. നാട്ടുകാരുടെ ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും ഇത് നടപ്പാക്കാതെ പോകുകയാണ്.
ആലുവ പറവൂര്‍ റോഡിലൂടെ വല്ലപ്പോഴും ഒരു വണ്ടി പോയിക്കൊണ്ടിരുന്ന കാലത്താണ് കരുമാല്ലൂര്‍ പഞ്ചായത്തിന് സമീപം പെരിയാര്‍ തോടിനു കുറുകെ ഈ പാലം നിര്‍മിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. എണ്ണാന്‍ പറ്റാത്തത്ര വണ്ടികളാണ് ഇതിലെ പോകുന്നത്. തിരക്ക് വര്‍ദ്ധിച്ചതോടെ വീതികുറഞ്ഞ പാലവും എസ് ആകൃതിയിലുള്ള വളവും ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്.
പൊട്ടിപ്പൊളിഞ്ഞ് താറുമാറായികിടന്ന റോഡ് നാലുവര്‍ഷംമുമ്പ് വീതികൂട്ടി ദേശീയപാത നിലവാരത്തില്‍ പുനര്‍നിര്‍മിച്ചിരുന്നു. അന്നും പാലം വീതി കൂട്ടാനും വളവ് നിവര്‍ത്താനും ആവശ്യമുയര്‍ന്നു. അന്ന് ആനച്ചാലിലെ പാലം മാറ്റിപണിതപ്പോഴും കരുമാല്ലൂര്‍ പാലത്തെ അവഗണിച്ചു. ഇനി ഇത് തുടരാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുത്തനെയുള്ള ഇറക്കവും കൊടുംവളവും ഇവിടെ അപകടങ്ങള്‍ പതിവാക്കുകയാണ്. ഒരാഴ്ചമുമ്പ് ബൈക്ക് യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് മരിച്ചതാണ് അവസാനമായി നടന്ന അപകടം. ഇറക്കത്തോടുകൂടിയുള്ള വളവില്‍ വണ്ടികളുടെ നിയന്ത്രണം വിട്ടുപോകുന്നുവെന്നതാണ് പ്രശ്‌നം. രാത്രിയിലെത്തുന്ന വാഹനങ്ങള്‍ റോഡരികിലുള്ള മതിലിടിച്ച് തകര്‍ക്കുന്ന സംഭവങ്ങളുമുണ്ട്.
കരുമാല്ലൂര്‍ ആസ്​പത്രിപ്പടിക്കു സമീപം സിഗ്നല്‍ലൈറ്റ് വച്ചിട്ടുണ്ടെങ്കിലും അത് കണ്ണടച്ചിട്ട് വര്‍ഷങ്ങളായി. ലൈറ്റ് അറ്റകുറ്റപ്പണികളൊന്നും നടത്തിയുമില്ല. അത്യാവശ്യമായി അപകടമുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തണം. അടുത്തുതന്നെ വരുന്ന റോഡ് വികസനത്തോടൊപ്പം ഇവിടത്തെ വളവ് നിവര്‍ത്തി പുതിയപാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഈ ആവശ്യവുമായി മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം കൊടുക്കാന്‍ ഒരുങ്ങുന്നുണ്ട്.


05


വീതികുറഞ്ഞ കരുമാല്ലൂര്‍ പാലം

More Citizen News - Ernakulam