ടിപ്പറുകള്‍ക്ക് അമിതവേഗം; കുലുക്കമില്ലാതെ അധികൃതര്‍

Posted on: 14 Sep 2015കൂത്താട്ടുകുളം: തുടര്‍ച്ചയായി ഹോണ്‍ മുഴക്കി അമിതവേഗത്തിലെത്തുന്ന ടിപ്പര്‍ ലോറികള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൂത്താട്ടുകുളത്തെ റോഡുകള്‍ കീഴടക്കുകയാണ്. കരിങ്കല്‍ ക്വാറി-ക്രഷര്‍ മേഖലയില്‍ ആരംഭിക്കുന്ന പണിമുടക്ക് മൂലം ആവശ്യമായ കേന്ദ്രങ്ങളിലേക്ക് കരിങ്കല്ലുകള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് രാപകലുകളില്ലാതെ ടിപ്പറുകള്‍ ഓടിക്കുന്നത്.
അപകടനിലയില്‍ കരിങ്കല്ലുകള്‍ നിറച്ച് സുരക്ഷിതമായി മൂടാതെ വേഗത്തില്‍ പായുന്ന ലോറികളില്‍ നിന്ന് കരിങ്കല്‍ കഷ്ണങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങളും വര്‍ദ്ധിച്ചു. സ്‌കൂള്‍, കോളേജ് എന്നിവയ്ക്ക് സമീപമുള്ള റോഡുകളിലൂടെ നടത്തുന്ന ടിപ്പറുകളുടെ ഓട്ടം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ടിപ്പര്‍ ലോറികളുടെ വേഗം പരിശോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ സംവിധാനങ്ങളില്ല. തിരുമാറാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണ്ണത്തൂര്‍ ആത്താനിക്കല്‍ സ്‌കൂള്‍, മണിമലക്കുന്ന് ഗവ. കോളേജ്, വടകര സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടകര എല്‍.പി. സ്‌കൂള്‍, വടകര ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂള്‍, എന്നിവിടങ്ങളിലെല്ലാം കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ഭയത്തോടെയാണ് യാത്ര നടത്തുന്നത്. വടകര സ്‌കൂള്‍ കവലയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഗതാഗത നിയന്ത്രണം കുട്ടികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും സഹായകമാകുന്നു. എന്നാല്‍ ടിപ്പര്‍ ലോറികള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നിര്‍ദേശം അവഗണിച്ച് യാത്ര നടത്തുന്നു എന്ന പരാതിയുമുണ്ട്.
വാഹനഗതാഗത നിയന്ത്രണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തതായി തിരുമാറാടി ഗ്രാമപഞ്ചായത്തംഗം നെവിന്‍ ജോര്‍ജ് പറഞ്ഞു.


More Citizen News - Ernakulam