ഒലിയപ്പുറം കവലയില്‍ അപകടം ഒഴിവാക്കാനുള്ള പദ്ധതി കടലാസില്‍

Posted on: 14 Sep 2015കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ ഒലിയപ്പുറം കവലയില്‍ ഗതാഗത സുരക്ഷാ സംവിധാനം നടപ്പാക്കാനുള്ള പദ്ധതി രൂപരേഖയില്‍ ഒതുങ്ങുകയാണ്. നടക്കാവ് -ഒലിയപ്പുറം ഹൈവേയും കുമരകം -കമ്പംമെട്ട് ഹൈവേയും സംഗമിക്കുന്നത് ഒലിയപ്പുറം ഹൈവേയിലാണ്. രണ്ട് റോഡുകളും ഉയര്‍ന്ന നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ എര്‍പ്പെടുത്താതിരിക്കുകയും ചെയ്തത് മൂലമാണ് വാഹനാപകടങ്ങള്‍ പതിവാകുന്നത്.
പിറവം, അഞ്ചല്‍പ്പെട്ടി, തിരുമാറാടി എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഒലിയപ്പുറം കവലയിലെത്തുമ്പോള്‍ ഏത് ഭാഗത്തേക്ക് പോകണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പത്തിലാകുന്നു. ആവശ്യമായ വലിപ്പത്തിലുള്ള ദിശാസൂചനാ ബോര്‍ഡുകള്‍ ഇവിടെയില്ല.
വാഹനങ്ങളുടെ അമിതവേഗവും ഇവിടെ അപകടങ്ങള്‍ക്ക് കാരണമാണ്. നടക്കാവ്-കൂത്താട്ടുകുളം റോഡില്‍ ഒലിയപ്പുറം കുരിശുപള്ളിക്ക് മുന്നിലും പിന്നിലും ഒലിയപ്പുറത്ത് നിന്ന് ഉപ്പുകണ്ടത്തേക്ക് പോകുന്ന ഭാഗത്തും റബ്ബര്‍ സ്​പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.
ആവശ്യമായ വലിപ്പത്തില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുക, ഒലിയപ്പുറം കവലയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക എന്നിവ ഒലിയപ്പുറം കവലയുടെ വികസനത്തിനായി തയാറാക്കിയിട്ടുള്ള രൂപരേഖയിലുള്ളതാണ് . വികസനപദ്ധതികള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബിന് നിവേദനം നല്‍കിയിട്ടുള്ളതായി തിരുമാറാടി ഗ്രാമപഞ്ചായത്തംഗം നെവിന്‍ ജോര്‍ജ് പറഞ്ഞു.

More Citizen News - Ernakulam