ഈഴവ സമുദായത്തോട് സി.പി.എം. കാണിക്കുന്നത് യൂദാസിന്റെ പണി - വെള്ളാപ്പള്ളി
മൂവാറ്റുപുഴ: യൂദാസിന്റെ പണിയാണ് സി.പി.എം. ഈഴവ സമുദായത്തോട് കാണിക്കുന്നതെന്ന് എസ്. എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന് കുടുംബ സംഗമവും സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
കൊള്ള ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടിയെ വീണ്ടും ഭരണത്തിലേറ്റാനുള്ള സാഹചര്യമാണ് സി.പി.എം. ഒരുക്കുന്നത്. ചെത്തുകാരുടെ ചോര ഊറ്റിക്കുടിച്ചാണ് സി.പി.എം. വളര്‍ന്നത്. എന്നാല്‍ ഇന്ന് പാര്‍ട്ടിക്ക് ഇവരെ വേണ്ട. വിവേകമുള്ളവര്‍ തെറ്റു പറ്റിയാല്‍ തിരുത്തും. പാര്‍ട്ടി അതിനും തയ്യാറല്ല.
ഒരു വിഭാഗം ആളുകള്‍ ശ്രീകൃഷ്ണ ജയന്തി വര്‍ഷങ്ങളായി നന്നായിട്ട് നടത്തുന്നുണ്ട്. അതിലെ ആളുകളുടെ ബാഹുല്യം കണ്ടിട്ടാണ് സി.പി.എം. ആഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പൂജയും ഗണപതി ഹോമവും വേണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഗണപതിയെ വരെ ഏറ്റെടുക്കാന്‍ തയ്യാറാണ്. സി.പി.എമ്മിന്റെ അപചയത്തിന് കാരണം കണ്ണൂര്‍ ലോബിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് അദ്ധ്യക്ഷനായി. നിര്‍ദ്ധന രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയ കാരുണ്യ സ്പര്‍ശം പദ്ധതി എസ്. എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അനുഗ്രഹ പ്രഭാഷണവും ദീപാങ്കുര്‍ ചേര്‍ത്തല മുഖ്യ പ്രഭാഷണവും നടത്തി. വൈദ്യ ശാസ്ത്ര രംഗത്തെ പ്രഗത്ഭന്‍ ഡോ. എസ്. സബൈനെ ആദരിച്ചു. യൂണിയന് സെക്രട്ടറി പി. എന്‍. പ്രഭ, വൈസ് പ്രസിഡന്റ് എന്‍.ജി. വിജയന്, വിവിധ യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.