മലയാളി യുവാവിന് ഐ.എസ്. സന്ദേശം

Posted on: 14 Sep 2015കൊച്ചി: മലയാളി യുവാവിന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് സന്ദേശം. വാട്‌സ് ആപ്പ് രഹസ്യ ഗ്രൂപ്പില്‍ തന്റെ നമ്പര്‍ ഉള്‍പ്പെടുത്തിയ സംഘത്തെ പറ്റി കാക്കനാട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. കാസര്‍കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ നമ്പര്‍ ഫേസ്ബുക്കില്‍ നിന്ന് ഭീകരര്‍ കൈക്കലാക്കിയതായാണ് സംശയം.
+1(509) 871-0700 എന്ന നമ്പറില്‍ നിന്ന് ഷാമി എന്ന പേര് പരിചയപ്പെടുത്തിയാണ് സന്ദേശം അയച്ചത്. തങ്ങളോടൊപ്പം ചേരുന്നത് അപകടമാണെന്നും അതുകൊണ്ട് ശ്രദ്ധിക്കണമെന്നും പരിചയപ്പെടുത്തിയാണ് സന്ദേശം ആരംഭിക്കുന്നത്. ദവ്‌ലത്തുല്‍ ഇസ്ലാം ദ്വാ ഗ്രൂപ്പില്‍ നിങ്ങളുടെയും പേരുണ്ടെന്ന് പറഞ്ഞു. അസലാമു അലൈക്കും പറഞ്ഞ്, ജോലി ചെയ്യുകയാണോ പഠിക്കുകയാണോ എന്നും തിരക്കി. ഉടന്‍തന്നെ നിങ്ങളെ ബന്ധപ്പെടുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറബിക് ഗാനമെന്ന് സംശയിക്കുന്ന ഒരു ഓഡിയോ ഫയലും ഇതോടൊപ്പം അയച്ചിട്ടുണ്ട്.
ലാ ഇലാഹ ഇല്ലള്ളാഹ്, അല്ലാഹു റസൂല്‍ മുഹമ്മദ് എന്ന് ആലേഖനം ചെയ്ത പതാകയാണ് സന്ദേശം വന്ന നമ്പറിന്റെ പ്രൊഫൈല്‍ ചിത്രം. ഫേസ്ബുക്കിലെ 'റൈറ്റ് തിേങ്കഴ്‌സ്' എന്ന ഗ്രൂപ്പില്‍ താനുമായി ആശയ സമ്പര്‍ക്കം നടത്തിയ ആള്‍ വഴി ഭീകരര്‍ക്ക് നമ്പര്‍ ലഭിച്ചതായി സംശയിക്കുന്നെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. വിവിധ മത വിഭാഗങ്ങളില്‍ പെട്ട 25,000-ല്പരം പേര്‍ അംഗങ്ങളായ ഫേസ്ബുക്ക് ഗ്രൂപ്പില്‍ മുന്‍പ് നടന്ന ചര്‍ച്ചകളുടെ ശകലങ്ങള്‍ സന്ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കി.

More Citizen News - Ernakulam