കുടിവെള്ളമില്ല,ശൗചാലയം പൂട്ടി ഇങ്ങനെയുമുണ്ടൊരു വിനോദ സഞ്ചാരകേന്ദ്രം..

Posted on: 14 Sep 2015കുറുപ്പംപടി: വിനോദത്തിനും വിശ്രമത്തിനുമായി പാണിയേലി പോരിലെത്തുന്നവര്‍ക്ക് ടിക്കറ്റെടുത്ത് പ്രവേശനകവാടം കടക്കുന്നതു മുതല്‍ പ്രതിസന്ധികളാണ് കാത്തിരിക്കുന്നത്. കാലുളുക്കാതെ നടക്കാന്‍ നല്ല നടപ്പാത പോലുമില്ല. 10 ലക്ഷം രൂപ ചെലവില്‍ വനം വകുപ്പ് പുഴയിലേയ്ക്കുള്ള 600 മീറ്റര്‍ ദൂരം മെറ്റല്‍വിരിച്ചെങ്കിലും മാസങ്ങള്‍ക്കകം മുഴുവനും ഇളകിപ്പോയി. കല്ലുംകട്ടയും താണ്ടി പുഴക്കരികില്‍ ചെന്നാല്‍ കുടിക്കാന്‍ തുള്ളിവെള്ളം പോലും കിട്ടില്ല. കുഴല്‍ക്കിണര്‍ താഴ്ത്തിയിട്ടുണ്ടെങ്കിലും മോട്ടോര്‍ സ്ഥാപിക്കാത്തതിനാല്‍ ഉപയോഗപ്പെടുന്നില്ല. അടുത്തകാലം വരെ കുടുംബശ്രീ വക ലഘുഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നു. സമീപമുള്ള വീടുകളില്‍ നിന്ന് തലച്ചുമടായാണ് ഇവിടെ വെള്ളം എത്തിച്ചിരുന്നത്. അത് ദുഷ്‌കരമായതോടെ ലഘുഭക്ഷണശാല പൂട്ടി.
പുഴയില്‍ നിന്ന് നേരിട്ട് പന്പ് ചെയ്താണ് ഇവിടത്തെ ശൗചാലയങ്ങളില്‍ വെള്ളം എത്തിച്ചിരുന്നത്. വോള്‍ട്ടേജ് ക്ഷാമം മൂലം പലപ്പോഴും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാറില്ലെന്ന് പോര് വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറയുന്നു. വെള്ളമില്ലാത്തതിനാല്‍ ശൗചാലയങ്ങള്‍ പലപ്പോഴും പൂട്ടിക്കിടക്കുകയാണ്. ചെറുവെള്ളച്ചാട്ടങ്ങളുടേയും വന്യതയുടേയും സൗന്ദര്യത്തേക്കാള്‍ പോരിലനുഭവിച്ച കഷ്ടപ്പാടുകളുടെ ഓര്‍മ്മകളായിരിക്കും സന്ദര്‍ശകരുടെ മനസ്സില്‍ തങ്ങുന്നത്.
വിനോദസഞ്ചാരകേന്ദ്രമായ പെരിയാറിലെ പാണിയേലി പോരില്‍ സന്ദര്‍ശകര്‍ ഏറിവരുന്‌പോഴും കുടിവെള്ളം കിട്ടാനില്ലാത്ത സ്ഥിതി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ദിവസവും നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന ഇവിടെ വെള്ളമില്ലാത്തതിനാല്‍ ശൗചാലയങ്ങള്‍ പൂട്ടിയിട്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യവികസനത്തിനായി 25 ലക്ഷം രൂപ ടൂറിസംവകുപ്പ് അനുവദിച്ചെങ്കിലും ഇതിന് ആവശ്യമായ വികസനരേഖ തയ്യാറാക്കുന്നതിന് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ സമഗ്രവികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും മന്ത്രി ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
2014 ആഗസ്ത് മാസം പാണിയേലി പോരിലെ വരുമാനം 34,000 രൂപയായിരുന്നു. ഇക്കൊല്ലം ആഗസ്ത് മാസം 1,08,000 രൂപ വരുമാനമുണ്ടായി. 10രൂപ വീതം സന്ദര്‍ശകരില്‍ നിന്ന് ടിക്കറ്റ് ഇനത്തില്‍ ഈടാക്കുന്ന തുകയാണ് ഇതില്‍ പ്രധാനം. വാഹനങ്ങളുടെ പാര്‍ക്കിംഗിനും വീഡിയോഗ്രാഫിക്കും ഈടാക്കുന്ന തുകയും ഇതിലുള്‍പ്പെടും. വരുമാനത്തിലെ വ്യത്യാസം ഓരോ കൊല്ലവും സന്ദര്‍ശകര്‍ വര്‍ദ്ധിക്കുന്നതിന്റെ വ്യക്തമായ തെളിവാണ്. കഴിഞ്ഞ ദേശീയ പണിമുടക്ക് ദിവസം 1000 ത്തോളം പേരാണ് പോര് സന്ദര്‍ശിക്കാനെത്തിയത്.
വരുമാനം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അതൊന്നും പോരിലെത്തുന്ന സന്ദര്‍ശകരുടെ സൗകര്യങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. ദിവസേനയുള്ള ടിക്കറ്റ് വരുമാനം വനംവകുപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് സമിതി ചെയ്യുന്നത്. സമിതി നിയോഗിച്ചിരിക്കുന്ന 8 ഗാര്‍ഡുമാര്‍ക്കുള്ള കൂലിയും ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള ചെലവും വനംവകുപ്പ് അനുവദിക്കും. സന്ദര്‍ശകര്‍ക്കുള്ള പ്രാഥമികാവശ്യങ്ങള്‍ക്കും സുരക്ഷയ്ക്കുമുള്ള സൗകര്യങ്ങളും ചെയ്യുന്നതിനൊപ്പം പരിസ്ഥിതിക്കിണങ്ങുന്ന വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഊര്‍ജ്ജിത നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

More Citizen News - Ernakulam