അപൂര്‍വ രോഗം: ചികിത്സാ സഹായം തേടുന്നു ചിത്രം: രാഹുല്‍ രാജു
Posted on: 14 Sep 2015
കൊച്ചി: അപൂര്‍വ രോഗത്താല്‍ ബുദ്ധിമുട്ടുന്ന ബാലന് ചികിത്സാ സഹായം തേടുന്നു. എളങ്കുന്നപ്പുഴ തേവര്വട്ടത്തില് ടി.എസ്. രാജുവിന്റെ മകന് രാഹുല്‍ രാജു (11) ആണ് സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്നത്. മോര്ക്വിസ് ടൈപ്പ് ഓഫ് സാക്രിഡോസെസ് എന്ന അപൂര്‍വ രോഗമാണ് രാഹുലിനെ കീഴ്പ്പെടുത്തിയിരിക്കുന്നത്. ഏഴ് വയസ്സു ള്ളപ്പോഴാണ് രാഹുല്‍ രോഗബാധിതനാണെന്ന വിവരം കുടുംബത്തിനറിയാന് സാധിച്ചത്. അന്നു മുതല്‍ രാഹുല്‍ ചികിത്സയിലാണ്. കഴുത്തിനും നട്ടെല്ലിനും അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ രാഹുലിന്റെ ജീവന് തന്നെ അപകടത്തിലാവുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിനായി മൂന്നര ലക്ഷത്തോളം രൂപ ചെലവ് വരും.
ഓട്ടോതൊഴിലാളിയായ രാജുവിന് തന്റെ മകന്റെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. വാടകവീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് പണം കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. മകന്റെ ജീവന് രക്ഷിക്കണമെന്ന ആഗ്രഹം മാത്രമാണ് രാജുവിനും ഭാര്യക്കുമുള്ളത്. ഓച്ചന്തുരുത്ത് നിത്യസഹായമാതാ പള്ളി വികാരി ഫാ. റോക്കി കൊല്ലംപറമ്പില്‍ അധ്യക്ഷനും എളങ്കുന്നപ്പുഴ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് സി.ടി. ബെനഡിക്ട് കണ്‍വീനറുമായി ചികിത്സാ സഹായ നിധി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്റെ എറണാകുളം ബ്രോഡ്വേ ബ്രാഞ്ചില്‍ ഇതിനായി അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 10552121003431, ഐഎഫ് കോഡ്: ORBC 0101055.