നാട്ടുകാര്‍ കൈകോര്‍ത്തു; കൗസല്യയ്ക്ക് വീടായി

Posted on: 13 Sep 2015പള്ളുരുത്തി: സ്വന്തമായൊരു വീട് സ്വപ്‌നം കാണാവുന്ന സ്ഥിതിയിലായിരുന്നില്ല കൗസല്യ. മഴയത്ത് ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് അവരുടെ താമസം. മഴ മാറുന്നതുവരെ, ഉറങ്ങാന്‍ കഴിയാതെ രോഗിയായ മകനൊപ്പം മാറിയിരിക്കുന്ന കൗസല്യ നാടിന്റെ വേദനയായി മാറുകയായിരുന്നു. പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന കൗസല്യയ്ക്ക് കൈത്താങ്ങായി നാട്ടുകാര്‍ രംഗത്തെത്തി.
ഭൂമി സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങളൊഴിക്കുകയായിരുന്നു ആദ്യത്തെ പ്രതിസന്ധി. ഒരു വരുമാനവുമില്ലാത്ത കൗസല്യയ്ക്കുവേണ്ടി സഹായങ്ങള്‍ സംഘടിപ്പിക്കലായിരുന്നു പിന്നീട്. രാഷ്ട്രീയഭേദമില്ലാതെ, നാട്ടുകാര്‍ ഒന്നിച്ചു നീങ്ങിയപ്പോള്‍ കൗസല്യയ്ക്കുവേണ്ടി സഹായങ്ങള്‍ ഒഴുകിയെത്തി. പണമായും, സാമഗ്രികളായും സഹായങ്ങള്‍ വന്നു. ഏതാനും മാസങ്ങള്‍ കൊണ്ട് വീട് പൂര്‍ത്തിയായി. രണ്ടു മുറികളും, അടുക്കളയും ചെറിയ ഹാളുമൊക്കെയുള്ള വീട്. ഞായറാഴ്ച കൗസല്യ പുതിയ വീട്ടില്‍ താമസം തുടങ്ങും. പൊതുപ്രവര്‍ത്തകനായ എ.ജെ. ജെയിംസും, നഗരസഭാംഗം അഡ്വ. കെ.എന്‍. സുനില്‍കുമാറും അധ്യാപികയായ ബീനാ ജോണും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്.
സാമഗ്രികള്‍ ഉള്‍പ്പെടെ കണക്കാക്കിയാല്‍ ആറു ലക്ഷം രൂപയോളം െചലവായി. കാളിപ്പറമ്പില്‍ സന്ധ്യാവിന്റെ നേതൃത്വത്തില്‍ കല്‍പ്പണി സൗജന്യമായി ചെയ്തു.
രാഷ്ട്രീയമില്ലാത്ത ആ ജനകീയ കൂട്ടായ്മ നാടിന് മാതൃകയായി മാറുകയായിരുന്നു. സര്‍ക്കാറിന്റെ ഒരു സഹായവുമില്ലാതെ നാട്ടുകാര്‍ കൂട്ടായ്മയില്‍ നിര്‍മിച്ച വീടാണിത്.
ഞായറാഴ്ച രാവിലെ 9.30ന് മേയര്‍ ടോണി ചമ്മണി വീടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ എം.പി. പി. രാജീവ് താക്കോല്‍ദാനം നിര്‍വഹിക്കും.

More Citizen News - Ernakulam